ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി എൻ എ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്.
ഇതു വരെ നടന്ന തെരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ രക്തസാമ്പിളുകൾ ഇതു വരെ ശേഖരിച്ചു. ബീഹാർ സ്വദേശികളായ മൂന്നുപേരുടെ രക്തസാമ്പിളുകൾ ഇനി ലഭ്യമാവാനുണ്ട്.
താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും സുരക്ഷയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികൾ , മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട് , വൈത്തിരി , കൽപ്പറ്റ , മുട്ടിൽ , അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരൽ മലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെയും നേതൃത്വത്തിൽ വാടക വീടുകൾക്ക് വേണ്ടി നാളെ അന്വേഷണം നടത്തും. പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും.
ദുരന്തബാധിതർക്ക് ക്യാമ്പുകളിൽ സജ്ജമാക്കിയ പ്രേത്യേക ക്യാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു.