വയനാട് ദുരന്തത്തിനു ശേഷം ഏറെ കേട്ടത് ചാലിയാർ എന്ന പുഴയെ കുറിച്ചു കൂടിയാണ്. മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ഈ പുഴയിലാണ് ഉരുൾപൊട്ടലിൽ മരിച്ചു പോയവരുടെ മൃതദേഹങ്ങൾ ഏറ്റവും കൂടുതൽ ഒഴുകി വന്നത്. മാത്രമല്ല ദുരന്തത്തിനിരയായി വേർപ്പെട്ടു പോയ ശരീര ഭാഗങ്ങൾ ഒഴുകിവന്നതും ചാലിയാർ പുഴയിലൂടെ തന്നെ. ഉരുൾപൊട്ടലിൻ്റെ ഏറ്റവും ഭീതിദമായ കാഴ്ചകളിലൊന്ന് കലങ്ങി മറിഞ്ഞ് കരകവിഞ്ഞ് ഒഴുകിയ ചാലിയാറിൻ്റേതു കൂടിയാവും.
ചാലിയാർ, ചെമ്മണ്ണു കലർന്ന് നിറം മാറി രൗദ്രഭാവം പൂണ്ട് അലറി ഒഴുകുമ്പോൾ പുഴയുടെ മറുകരയിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പിടി പാവങ്ങളായ മനുഷ്യർ കൂടിയുണ്ട്. ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജീവിയ്ക്കുന്ന അതിസാധാരണക്കാരായ ആദിവാസി വിഭാഗക്കാർ. അവിചാരിതമായുണ്ടായ ചാലിയാറിൻ്റെ രൂപമാറ്റവും ഒഴുകി വരുന്ന മൃതശരീരങ്ങളും അവിടത്തെ അന്തരീക്ഷാവസ്ഥ തന്നെ മാറ്റി മറിച്ചു.

കലങ്ങി മറിഞ്ഞൊഴുകുന്ന ചാലിയാർ പുഴക്കരയിൽ വിഷണ്ണരായി നിൽക്കാൻ മാത്രമേ നിലമ്പൂർ ഐ റ്റി ഡി പി പ്രോജക്ട് ഓഫിസർ സി ഇസ്മയിലിനും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ മുഹമ്മദ് ഷാഹിദിനും എസ് റ്റി പ്രൊമോട്ടർമാർക്കും കഴിഞ്ഞുള്ളു. പക്ഷേ, അവർക്ക് ഒരു ഉറപ്പുണ്ടായിരുന്നു, കൊടും വനത്തിനുള്ളിലെ ആദിവാസികളുടെ വീടിനുള്ളിൽ തങ്ങൾ നേരത്തേ എത്തിച്ചു കൊടുത്ത ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ അത്യാവശ്യ വസ്തുക്കൾ ഉണ്ടാകും എന്ന ഉറപ്പ്. പിന്നെ, അവർക്കായി ആവശ്യ വസ്തുക്കൾ നിറച്ച് സൂക്ഷിച്ചിരിയ്ക്കുന്ന കിറ്റുകളുമുണ്ട് തങ്ങളുടെ കയ്യിൽ, പക്ഷേ ആരെയും തന്നിലേയ്ക്കടുപ്പിക്കാതെ കലി തുള്ളി മറിഞ്ഞൊഴുകുന്ന ചാലിയാർ പുഴ മുറിച്ചു കടന്ന് എങ്ങനെയാണ് അക്കരെയ്ക്ക് പോവുക. പക്ഷേ, പോയേ മതിയാകൂ. തങ്ങളെ സ്നേഹം കൊണ്ട് ചേർത്തു പിടിയ്ക്കുന്ന, സ്വന്തം സഹോദരങ്ങളെ പോലെ തങ്ങൾ കാണുന്ന അവർക്കരികിലേക്ക് എങ്ങനെയും, ഏതു വിധേനയും എത്തിയേ മതിയാകൂ.
സഹായിയ്ക്കാൻ തയ്യാറായി സംസ്ഥാന അഗ്നിരക്ഷാ സേനാ വിഭാഗം മുന്നോട്ട് വന്നു. “ശ്രദ്ധിയ്ക്കണം, സൂക്ഷിയ്ക്കണം” എന്ന് സഹപ്രവർത്തകരും രക്ഷാപ്രവർത്തകരുമൊക്കെ സ്നേഹ കവചമൊരുക്കി. പുഴയ്ക്കക്കരെ തങ്ങളെ കാത്തിരിയ്ക്കുന്ന നിഷ്കളങ്ക മുഖങ്ങൾ ഓർത്തപ്പോൾ, കലങ്ങി മറിയുന്ന പുഴ ഒരു തെളിനീരുറവയായി മാറി. അഗ്നി രക്ഷാസേനയുടെ ബോട്ടിൽ അതിസാഹസികമായി പുഴ കീറി മുറിച്ച് അക്കരെ എത്തിയപ്പോൾ ഇരു കരകളിലും ആശ്വാസത്തിൻ്റെ നിശ്വാസമുയർന്നു.

അടുത്ത ദൗത്യം, ചാഞ്ഞും ചരിഞ്ഞും അലറി പെയ്യുന്ന മഴയെ കീറി മുറിച്ച്, നനഞ്ഞ് ചെളി മൂടിയ ഊടുവഴികളിലൂടെ കാടു താണ്ടി കാതങ്ങൾ നടക്കുക എന്നതാണ്. കിറ്റുകൾ സൂക്ഷ്മതയോടെ ചുമന്ന് നടക്കുക എന്നത് പ്രതികൂല സാഹചര്യത്തിൽ കഠിനമായ ജോലിയായിരുന്നു. നാലു വാസകേന്ദ്രങ്ങളിലും തങ്ങൾ എത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങൾ നിറഞ്ഞ വലിയ കിറ്റുകൾ നിഷ്ക്കളങ്ക സ്നേഹത്തിനു മുന്നിൽ ഭാരമില്ലാത്തതു പോലെയായന്ന് ഇസ്മയിൽ പറയുന്നു.
15 കിലോഗ്രാം അരി, പരിപ്പ്, പയർ, മുളക്, മല്ലി , സവാള, എണ്ണകൾ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഉൾപ്പെടെ അവർക്ക് സമ്മാനിച്ച് ഇസ്മയിലും ഷാഹിദും പ്രൊമോട്ടർമാർക്കൊപ്പം തിരികെ നടക്കുമ്പോൾ തങ്ങൾ കണ്ട നിഷ്ക്കളങ്ക മുഖങ്ങളിലൊന്നും ഒരാശങ്കയുമില്ലന്ന് അവർ ഓർക്കുന്നു. ഒരു പക്ഷേ, അങ്ങു താഴെ തങ്ങളറിയുന്ന, തങ്ങളെ അറിയുന്ന ചാലിയാർ പുഴയിലൂടെ പൂർണവും അപൂർണവുമായ മനുഷ്യ ശരീരങ്ങൾ, കലങ്ങി മറിയുന്ന പുഴവെള്ളത്തിൽ മുങ്ങിയും പൊങ്ങിയും ഒഴുകി നീങ്ങുന്നത് അവർ കാണാത്തതു കൊണ്ടോ അറിയാത്തതുകൊണ്ടോ ആവാം.