ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ മനോരഥങ്ങൾ ‘ എന്ന ആന്തോളജി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകൾ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 15 ന് സി – 5 ലൂടെയാണ് റിലിസ് ചെയ്യുന്നത്.
പ്രിയദർശൻ, രഞ്ജിത്, ജയരാജ്, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ, രതീഷ് അമ്പാട്ട് എന്നിവർക്കൊപ്പം എം ടിയുടെ മകളായ അശ്വതി നായരും സംവിധായകരുടെ നിരയിലുണ്ട്. മമ്മുട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ബിജു മേനോൻ, ആസിഫ് അലി, ഇന്ദ്രജിത്, വിനീത്, പാർവതി തിരുവോത്ത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തും.

എം ടി യുടെ പ്രശസ്തമായ ഓളവും തീരവും എന്ന കഥ പ്രിയദർശനാണ് സംവിധാനം ചെയ്തത്. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അതു കൂടാതെ ബിജുമേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ശിലാലിഖിതവും പ്രിയദർശൻ ഒരുക്കും. നിൻ്റെ ഓർമയ്ക്ക് എന്ന ചെറുകഥയുടെ തുടർച്ച എന്നു പറയാവുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് രഞ്ജിത് സംവിധാനം ചെയ്യും. ചിത്രത്തിൽ മമ്മുട്ടി മുഖ്യ വേഷത്തിൽ എത്തും.
നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി എന്നിവരെ അഭിനയിപ്പിച്ച് ജയരാജ് ഒരുക്കുന്ന സ്വർഗം തുറക്കുന്ന സമയമാണ് സീരിസിലെ മറ്റൊരു ചിത്രം. എം ടി യുടെ പ്രശസ്തമായ ഷെർലക് എന്ന ചെറുകഥയിലെ പ്രധാന വേഷം ഫഹദ് ഫാസിൽ ചെയ്യും. മഹേഷ് നാരായണൻ്റെ സംവിധാനത്തിലാണ് ചിത്രമെത്തുക. സിദ്ദിഖിനെ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ച് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് അഭയം തേടി വീണ്ടും എന്ന ചെറുകഥയാണ്.

ശ്യാമപ്രസാദിൻ്റെ ഈ സീരിസിലെ സംഭാവന കാഴ്ച എന്ന ചിത്രമാണ്. പാർവതി തിരുവോത്ത് മുഖ്യവേഷത്തിൽ എത്തും. ഇന്ദ്രജിതിനോടൊപ്പം അപർണാ ബാലമുരളി എത്തുന്ന കടൽക്കാറ്റ് രതീഷ് അമ്പാട്ട് ഒരുക്കും. എം ടി യുടെ മകൾ തെരഞ്ഞെടുത്തത് വില്പന എന്ന കഥയാണ്. ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചു.
ആന്തോളജി സീരീസ്, ചലച്ചിത്ര പ്രേമികൾ കൗതുകത്തോടെ കാത്തിരിയ്ക്കുന്ന ഒരു സംരംഭമാണ്. മനോരഥങ്ങൾ എന്ന പേരിൽ മലയാളത്തിൻ്റെ കാരണവർ എം ടിയും, പ്രഗത്ഭരായ സംവിധായകരുടെ മേൽനോട്ടത്തിൽ മലയാളത്തിൻ്റെ എണ്ണം പറഞ്ഞ അഭിനേതാക്കളും കൂടി എത്തുമ്പോൾ അത് ചലച്ചിത്ര സ്നേഹികൾക്ക് പുതുമ തന്നെയാവും.
