തൃശൂരിൽ സ്വർണം വാങ്ങാനെന്ന പേരിൽ സ്വർണപണി നടത്തി വ്യാപാരം ചെയ്യുന്നവരെ ലോഡ്ജിൽ വിളിച്ചു വരുത്തി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികളിൽ രണ്ടു പേരെ കൂടി പൊലിസ് പിടി കൂടി. ഇടുക്കി ജില്ലയിലെ കാരിക്കോട് സ്വദേശികളായ സാംസൺ പീറ്റർ, നന്ദു എന്നിവരാണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലിസാണ് ഇവരെ അറസ്റ്റു ചെയ്തത്. ആലുവയിൽ വ്യാപാരം നടത്തുന്നവരെയാണ് സ്വർണം വാങ്ങാനെന്ന പേരിൽ ലോഡ്ജിൽ വരുത്തി, കുത്തി പരിക്കേൽപ്പിച്ച് ആഭരണങ്ങളുമായി ഇവർ കടന്നു കളഞ്ഞത്.
ഷെമീർ, ഷെഹീദ് എന്നീ വ്യാപാരികൾക്ക് ഏകദേശം 40 ലക്ഷം രൂപയുടെ സ്വർണമാണ് അന്ന് നഷ്ടമായത്. മൂന്നു പ്രതികളെ സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൊലിസ് പിടി കൂടിയിരുന്നു. തുടർന്നു വന്ന അന്വേഷണത്തിനിടയിലാണ് മൂലമറ്റത്തു നിന്ന് ഇപ്പോൾ രണ്ടു പേരെ കൂടി കിട്ടിയത്. ഇടുക്കി, തൊടുപുഴ ഭാഗങ്ങളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായതെന്ന് പൊലിസ് പറയുന്നു.
ഈ കേസിൽ ഇനി മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ടന്നും ഉടൻ അവരെയും പിടി കൂടുമെന്നും കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന തൃശൂർ ഡെപ്യൂട്ടി കമ്മിഷണർ സലിഷ് ശങ്കരൻ പറഞ്ഞു.