സംസ്ഥാനത്ത് ആദ്യമായി ഒരു സ്ത്രീയ്ക്ക് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശിയായ ഇരുപത്തിനാലു വയസുള്ള യുവതിയാണ് അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. നേരത്തേ തിരുവനന്തപുരം ജില്ലയിൽ തന്നെ പേരൂർക്കട, നെല്ലിമൂട് എന്നിവിടങ്ങളിൽ അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
മലിനജലം കെട്ടിക്കിടക്കുന്ന കുളങ്ങൾ, പായൽ പിടിച്ചു കിടക്കുന്ന ജലാശയങ്ങൾ, മൃഗങ്ങളെയും മറ്റും കുളിപ്പിയ്ക്കുന്ന കുളങ്ങൾ എന്നിവിടങ്ങളാണ് രോഗാണു കേന്ദ്രങ്ങളായി കാണുന്നത്. ഇത്തരം വെള്ളത്തിൽ ഇറങ്ങുകയോ മുഖം കഴുകുകയോ ചെയ്യുന്നത് ഒഴിവാക്കണം. മൂക്ക്, തല തുടങ്ങിയ സ്ഥലങ്ങളിൽ ശസ്ത്രക്രിയ ചെയ്തിട്ടുള്ളവർ, തലയിൽ ക്ഷതമേറ്റിട്ടുള്ളവർ എന്നിവർ അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിനെതിരെ ജാഗ്രത പാലിയ്ക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇതൊരു പകർച്ച വ്യാധിയല്ല. വെള്ളത്തിൽ അമീബയുടെ സാന്നിധ്യം സാധാരണ ഗതിയിൽ വർധിക്കുന്നത് വേനൽക്കാലത്ത് ജലത്തിൻ്റെ അളവ് കുറയുമ്പോഴാണ്. ഇതിൻ്റെ സാന്നിധ്യമുള്ള വെള്ളത്തിൽ ഇറങ്ങുമ്പോൾ മൂക്കിലൂടെ അമീബ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നു. സാധാരണ രീതിയിൽ അഞ്ച് മരുന്നുകളുടെ ഒരു സംയുക്തം ഉപയോഗിച്ചാണ് ഈ അസുഖത്തിന് ചികിത്സ നൽകുന്നത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ നിലവിൽ കേരളത്തിൽ യഥേഷ്ടമുണ്ടന്ന് അധികൃതർ പറഞ്ഞു.