ഒമേഗ -3 ഫാറ്റി ആസിഡ് എന്ന് കേൾക്കാത്തവർ ഇക്കാലത്ത് വളരെ വിരളമായിരിക്കും. ഹൃദയത്തിൻ്റെ ആരോഗ്യത്തിന് ഒമേഗ – 3 ഫാറ്റി ആസിഡ് അത്യാവശ്യമാണ് എന്നാവാം അധികം പേരും കേട്ടിട്ടുണ്ടാവുക. അത് സത്യം തന്നെയാണ്. ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകം ഒമേഗ – 3 ഫാറ്റി ആസിഡു തന്നെയാണ്. എന്നാൽ, ഏറെ ആളുകളെ ബാധിയ്ക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു മാനസികമായ പ്രശ്‌നത്തിനു കൂടി ഒമേഗ -3 ഫാറ്റി ആസിഡ് ഏറെ ഉത്തമമാണത്രേ.
മനുഷ്യരുടെ സ്വഭാവം പല രീതിയിലാണല്ലോ. ഓരോരുത്തർക്കും ഓരോ സമയം വ്യത്യസ്തങ്ങളായ ‘ മൂഡു’മായിരിക്കും. ചിലർ ഏതു പ്രശ്നങ്ങൾക്കു നടുവിലും സമചിത്തത കൈവിടാതെ സൗമ്യമായി പെരുമാറും. എന്നാൽ മറ്റു ചിലരാകട്ടെ പെട്ടന്നാകും ദേഷ്യപ്പെടുക. ചെറിയ ഒരു പ്രതിസന്ധി ഉണ്ടായാൽ, തനിയ്ക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലുമൊന്ന് കൂടെയുള്ളവർ ചെയ്താൽ അവരുടെ നിലതെറ്റും. ഇത്തരക്കാർ സന്ദർഭമോ സാഹചര്യമോ നോക്കാതെ ഭയങ്കരമായി ദേഷ്യപ്പെടും. മറ്റുള്ളവരോട് പെട്ടന്നുണ്ടാകുന്ന ദേഷ്യത്തിൽ കടുത്ത വാക്കുകൾ പറഞ്ഞു എന്നും വരാം. ചിലപ്പോൾ ദീർഘമായ ഒരു ശത്രുത പോലും ഇത്തരം ഘട്ടങ്ങളിൽ നിന്നും ഉടലെടുത്തേയ്ക്കാം. എങ്കിൽ അറിയുക, ഇത്തരക്കാർക്ക് വലിയ തോതിൽ ഗുണം ചെയ്യുന്ന ഒരു ഔഷധമായി മാറും ഒമേഗ – 3 ഫാറ്റി ആസിഡ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
തലച്ചോറിലുണ്ടാകുന്ന ചില ചെറിയ പ്രശ്‌നങ്ങളാലാണ് ഇത്തരം മൂഡ് മാറ്റവും അമിത ദേഷ്യവും ഉത്കണ്ഠയുമൊക്കെ ഉണ്ടാകുന്നതത്രേ. ഈ പ്രശ്നങ്ങൾക്കു കൂടിയുള്ള ഔഷധമാണ് ഒമേഗ – 3 ഫാറ്റി ആസിഡ്. സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയ ഫീൽ ഗുഡ് എന്നു പറയാവുന്ന ഹോർമോണുകളുടെ ഉത്പ്പാദനം വർധിപ്പിക്കാനും ഒമേഗ – 3 ഫാറ്റി ആസിഡിനു കഴിവുണ്ട്. അമിത ദേഷ്യം, പിരിമുറുക്കം എന്നിവ കുറച്ച് നമ്മളെ സ്വസ്ഥതയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശേഷി ഒമേഗ -3 ഫാറ്റി ആസിഡിലുണ്ടന്ന് സാരം.
ഒമേഗ – 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ആഹാര പദാർത്ഥങ്ങൾക്കായി അധികം അലയേണ്ടതില്ല.
മലയാളിയുടെ തീൻമേശയിൽ മിക്കപ്പോഴുമുള്ള രണ്ടു മത്സ്യങ്ങൾ ഇതിൻ്റെ ഉറവിടമാണ്. മത്തിയും ചൂരയും ( ട്യൂണ ). പിന്നെ മുട്ട, പാൽ, തൈര്, ചിയ വിത്തുകൾ എന്നിവയിലും മികച്ച അളവിൽ ഒമേഗ – 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.