വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 427 ആയതായി ഔദ്യോഗിക റിപ്പോർട്ട്. 130 പേരെ ക്കുറിച്ച് ഇപ്പോഴും വിവരം ഒന്നുമില്ല. 229 മൃതദേഹങ്ങളും 198 ശരീരഭാഗങ്ങളും ഉൾപ്പെടെയാണ് 427 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ ലഭിച്ച നാലു മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. കാണാനില്ലാത്ത 119 പേരുടെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്, ഇനി 11 പേരുടെ കൂടി സാമ്പിളുകൾ ശേഖരിയ്ക്കണം. റവന്യൂ മന്ത്രി കെ രാജനാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 599 കുടുംബങ്ങളിലെ 1784 പേർ 14 ക്യാമ്പുകളിലായി താമസിയ്ക്കുന്നുണ്ട്. ഇതിൽ രണ്ട് ഗർഭിണികളും 437 കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ 41 കെട്ടിടങ്ങൾ, പി ഡബ്ലൂ ഡി യുടെ 24 കെട്ടിടങ്ങൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 34 കെട്ടിടങ്ങൾ അറ്റകുറ്റപണികൾക്കു ശേഷം ഉപയോഗിക്കാവുന്നതാണ്. അതിവേഗം പുനരധിവാസ പദ്ധതികൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.