ഓർമയിലെ ഇന്ന്ഓഗസ്റ്റ് – 10കെ പി ബ്രഹ്മാനന്ദൻ

At Malayalam
2 Min Read

രാധികേ മമ ഹൃദയ…., കാവേരി പൂമ്പട്ടണത്തില്‍…., പൗർണ്ണമിതൻ പാലരുവി……, മുണ്ടകപ്പാടത്തെ കൊയ്ത്തും….., ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച….., താരക രൂപിണീ…., തങ്കക്കവിളിൽ കുങ്കുമമോ…., മാനത്തെ കായലിൻ…., കണ്ണീരാറ്റിലെ തോണി…., പ്രിയമുള്ളവളേ…., സമയമായി…., ശ്രീ മഹാദേവൻ തന്റെ…., കനകം മൂലം ദുഃഖം…, ചന്ദ്രികാ ചർച്ചിതമാം… , ലോകം മുഴുവൻ സുഖം പകരാനായ്…. , ക്ഷേത്രമേതെന്ന് അറിയാത്ത… , നീലനിശീഥിനി…., ദേവഗായകനെ ദൈവം ശപിച്ചു…, താമരപ്പൂ നാണിച്ചു…., ത്രിപുരസുന്ദരീ നടനം…, ഓം നമസ്തേ സർവ്വശക്താ…, അലകടലിൽ കിടന്നൊരു നാഗരാജാവ്‌…, തങ്കക്കവിളിൽ കുങ്കുമമോ…, പൗർണ്ണമിതൻ പാലരുവി… ഗോപുരവാതിൽ…, തങ്കമകുടം ചൂടി നില്പൂ…, കാവേരി പൂമ്പട്ടണത്തില്‍…, മന്മഥമന്ദിരത്തിൽ പൂജ…, കളകളം കിളിചിലച്ചു പാടണ തുടങ്ങി എത്രയെത്ര ഹിറ്റ് ഗാനങ്ങൾ. യേശുദാസും ജയചന്ദ്രനും തങ്ങളുടെ ശബ്ദ സൗകുമാര്യം കൊണ്ട് മലയാള സിനിമയിൽ വിസ്മയങ്ങൾ തീർത്ത കാലത്ത്, ആലാപന ശുദ്ധിയും ഭാവ തീവ്രതയും നിറഞ്ഞ ഗാനങ്ങളുമായെത്തി ശ്രോതാക്കളുടെ പ്രിയഗായകനായി മാറിയ ബ്രഹ്മാനന്ദൻ കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കിൽ ഭവാനിയുടേയും പാപ്പച്ചന്റേയും മകനായായി 1946 ഫെബ്രുവരി 22ന് ജനിച്ചു. 12-ാം വയസ്സിൽ കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി കെ ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ചു .

1965 ൽ ഓൾ ഇന്ത്യാ റേഡിയോയിലെ ലളിതഗാന മത്സരത്തിൽ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചതാണ് ബ്രഹ്മാനന്ദന് സിനിമയിൽ അവസരം നേടിക്കൊടുത്തത്. 1969 ൽ രാഘവൻ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച കള്ളിച്ചെല്ലമ്മ എന്ന സിനിമയിൽ ‘മാനത്തെ കായലിൻ….’ എന്ന ഗാനം ആലപിച്ചാണ് ബ്രഹ്മാനന്ദൻ സിനിമാ പിന്നണി ഗായകനാവുന്നത്. ആദ്യ ഗാനം തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മലയാളത്തിനു പുറമേ ഇളയരാജാ, ശങ്കർ ഗണേഷ് എന്നീ സംഗീത സംവിധായകരുടെ കീഴിൽ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ പാടിയിട്ടുണ്ട്. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിനുവേണ്ടി സംഗീതസംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് അതിലെ മട്ടിച്ചാറ് മണക്കണ്…. എന്ന ഗാനം ഇന്നും മലയാളി ഓർത്തിരിക്കുന്ന ഗാനമാണ്. ‘കന്നിനിലാവ്’ എന്നൊരു ചിത്രത്തിനുകൂടി സംഗീതം നൽകിയെങ്കിലും പുറത്തുവന്നില്ല. 2004 ഓഗസ്റ്റ് 10 ന് അന്തരിച്ചു. 1993 ൽ വിലയ്ക്കു വാങ്ങാം എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment