രണ്ട് ശരീരഭാഗങ്ങള്‍ കൂടി ഇന്നു കണ്ടെത്തി
ഇതുവരെ കണ്ടെത്തിയത് 229 മൃതദേഹങ്ങള്‍, 198 ശരീരഭാഗങ്ങള്‍
മുണ്ടക്കൈ , ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്ന് എയര്‍ ലിഫ്റ്റ് ചെയ്തു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പില്‍ നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ എയര്‍ ലിഫ്റ്റ് ചെയ്ത് മേപ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുഷ്‌ക്കരമായ മലയിടുക്കില്‍ നിന്ന് ശ്രമകരമായാണ് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തത്.
രണ്ടു തവണ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികൂലമായ സാഹചര്യത്തെ തുടര്‍ന്ന് തിരികെ വരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് കാന്തന്‍പാറയില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങള്‍ കൂടികണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 229 ആയി. 198 ശരീരഭാഗങ്ങളും വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തു.