സൂചിപ്പാറയിൽ നിന്നും മൂന്നു മൃതദേഹങ്ങൾ ഇന്ന് എയർ ലിഫ്റ്റ് ചെയ്തു. ഒരു ശരീരത്തിൻ്റെ ഭാഗങ്ങൾ കൂടി ഇനിയും അവിടെ നിന്ന് വീണ്ടെടുക്കാനുണ്ടന്ന് ദൗത്യസംഘം പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ദൗത്യ സംഘത്തിനു വേഗത്തിൽ മടങ്ങേണ്ടി വന്നതിനാലാണ് ശരീര ഭാഗങ്ങൾ ഇന്നു കൊണ്ടുവരാൻ കഴിയാതെ പോയത്. നാളെ തന്നെ ശരീരഭാഗങ്ങൾ എയർ ലിഫ്റ്റു ചെയ്യുമെന്ന് ദൗത്യ സംഘം അറിയിച്ചു.
മുരന്തം നടന്ന് പതിനൊന്നാം നാളിലാണ് മൂന്ന് പൂർണ മൃതദേഹങ്ങൾ കണ്ടെടുത്തത്. സൂചിപ്പാറ – കാന്തൻ പറ ഭാഗത്തു നിന്നാണ് മൃതദേഹങ്ങൾ ബത്തേരിയിൽ എത്തിച്ചത്. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും പി പി ഇ കിറ്റും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇല്ലാതിരുന്നതിനാൽ ഇന്നലെ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.
