തിരുവനന്തപുരത്ത് വാടക വീട്ടിൽ ജർമൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗോർജ് കോൾ എന്ന ജർമൻ പൗരനാണ് തൊഴിച്ചൽ കുന്നത്തു വിളയിലെ വാടക വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുന്ന സുഹൃത്തുക്കളായ ജർമൻ ദമ്പതികളെ കാണാനെത്തിയതാണ് ഗോർജ് എന്ന് പൊലിസ് പറയുന്നു. വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ ശ്രീലങ്കയിലാണെത്രേ.
ദമ്പതികളുടെ സുഹൃത്തായ ഗോർജ് രണ്ടു ദിവസം മുമ്പാണ് ഈ വീട്ടിലെത്തിയത്. രണ്ടു ദിവസമായി ഇയാളെ പുറത്തു കാണാത്തതുകൊണ്ട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. ഗോർജിൻ്റെ സുഹൃത്തുക്കളായ ദമ്പതികൾ ശ്രീലങ്കയിൽ നിന്നു മടങ്ങി എത്തിയ ശേഷം അനന്തര നടപടികൾ സ്വീകരിയ്ക്കുമെന്ന് പൊലിസ് പറഞ്ഞു.