മോഹൻലാലിനെതിരെ അപകീർത്തികരമായ രീതിയിൽ സാമൂഹിക മാധ്യമത്തിലൂടെ പരാമർശം നടത്തിയ യു ട്യൂബർ അജു അലക്സിനെതിരെ പൊലിസ് കേസെടുത്തു. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലിസ് കേസെടുത്തത്. ചെകുത്താൻ എന്ന പേരിലുള്ള യു ട്യൂബ് ചാനലുടമയാണ് ഇയാൾ എന്ന് പൊലിസ് പറഞ്ഞു.
മോഹൻലാൽ അടക്കമുള്ള ചലച്ചിത്ര അഭിനേതാക്കൾക്കെതിരെ കേട്ടാലറപ്പുളവാകുന്ന ഭാഷയിലാണ് ഇയാൾ വീഡിയോ ചെയ്യുന്നതെന്ന് കാണിച്ച് നടൻ ബാല അമ്മയിൽ പരാതി നൽകിയിരുന്നു. ഈ പരാതി അടിസ്ഥാനമാക്കിയാണ് സിദ്ദിഖ് പൊലിസിൽ കേസു കൊടുത്തത്. നേരത്തേ മമ്മൂട്ടി ഉൾപ്പെടെയുള്ള നടൻമാർക്കെതിരെയും സ്ത്രീകളായ അഭിനേതാക്കൾക്കു നേരെയും ഇയാൾ അസഭ്യവർഷം നടത്തിയിട്ടുള്ളതായും പരാതിയുണ്ട്.
പൊലിസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം. തിരുവല്ല സ്വദേശിയായ ഇയാളെ അന്വേഷിച്ച് നിരവധി തവണ പൊലിസ് എത്തിയിട്ടും ഇയാളെ കണ്ടു കിട്ടിയിട്ടില്ല. വൈകാതെ ഇയാളെ അറസ്റ്റുചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ നടിമാരെപ്പറ്റി മോശം പരാമർശം നടത്തിയതിനെ തുടർന്ന് പൊലിസ് വിളിച്ചു വരുത്തി താക്കീതു നൽകിയിരുന്നു. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ കേസെടുത്ത് അറസ്റ്റു ചെയ്യുമെന്ന് താക്കീത് നൽകിയാണ് വിട്ടയച്ചത്. പ്രശസ്തരെ തെറി പറഞ്ഞാൽ തങ്ങൾക്കും കിട്ടും കുറച്ച് പ്രശസ്തി എന്നതാണ് ഇതിനു പിന്നിലെ മാനസിക നില എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.