വയനാട് ദുരന്ത ഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ശനിയാഴ്ച പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ ദുരന്ത പ്രദേശത്ത് എത്തും. ദുരന്ത ബാധിതർ കഴിയുന്ന ക്യാമ്പുകളിലും പ്രധാനമന്ത്രി എത്തിയേക്കും എന്നാണ് അറിയുന്നത്. ദുരിത ബാധിതരുടെ പുനരധിവാസമടക്കമുള്ള വിഷയങ്ങൾ ഇതിനോടകം മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിയ്ക്കുകയും സഹായ അഭ്യർത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്.
ദേശീയ ദുരന്തമായി പ്രഖ്യാപിയ്ക്കണമെന്ന കാര്യത്തിൽ കേന്ദ്രം ഇതുവരേയും വ്യക്തമായ മറുപടി നൽകിയിട്ടുമില്ല. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബി ജെ പി നേതാവ് വി മുരളീധരൻ എന്നിവർ വ്യത്യസ്ഥ നിലപാടുകൾ പരസ്യമാക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി അമിത്ഷാ കുറ്റം മുഴുവൻ കേരളത്തിൻ്റേയും സർക്കാരിൻ്റേയും തലയിലാക്കി കൊണ്ടുള്ള പ്രസ്താവനകൾ നടത്തിയതും വിവാദമായിരുന്നു.
ശനിയാഴ്ച പ്രധാനമന്ത്രി ദുരന്ത സ്ഥലത്ത് നേരിട്ട് എത്തുന്നതോടെ കാര്യങ്ങൾ അർഹിയ്ക്കുന്ന ഗൗരവത്തിൽ കേന്ദ്രം കാണും എന്ന പ്രതീക്ഷയാണ് നിലവിൽ കേരളത്തിനുള്ളത്.
