തിരുവനന്തപുരം ശ്രീകാര്യത്ത് ഭാര്യയേയും മകനേയും കുത്തി പരിക്കേൽപ്പിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം പോങ്ങുംമൂട് ബാബുജിനഗറിൽ വാടകയ്ക്ക് താമസിയ്ക്കുന്ന കോഴിക്കോട് സ്വദേശികളാണ് കുടുംബം. ഭർത്താവായ ഉമേഷ് ഉണ്ണികൃഷ്ണഷനും ഭാര്യ അഞ്ജനയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഉമേഷ് കത്തിയെടുത്ത് ഭാര്യയേയും മകനേയും കുത്തിയത്.
പരിക്കുപറ്റിയ അഞ്ജനയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും 10 വയസുകാരനായ മകനെ എസ് എ റ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇൻഫോസിസിലെ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അഞ്ജന. രണ്ടു പേരുടേയും വയറിനാണ് കുത്തേറ്റത്. ഇരുവരേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഭാര്യയേയും മകനേയും കറികത്തി ഉപയോഗിച്ചാണ് ഉമേഷ് കുത്തിയത്. കുത്തു കൊണ്ടു വീണ ഇരുവരേയും ഉമേഷ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഉമേഷിനെ ആശുപത്രിയിൽ വച്ചാണ് ശ്രീകാര്യം പൊലിസ് അറസ്റ്റു ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഉമേഷിനെതിരെ പൊലിസ് ചുമത്തിയിരിയ്ക്കുന്നത്.