പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര് ഇന്ന് സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം സ്വീകരിച്ചു.
തിരുവനന്തപുരം എസ് എ പി ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 179 പേരും കെ എ പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ 154 പേരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
തിരുവനന്തപുരം പനവൂര്‍ സ്വദേശി എസ് അക്ഷയ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. മുല്ലൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണന് എല്‍ ആര് സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ ആയി.
എസ് എ പി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോര്‍ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ് സാജിര്‍ ആണ് മികച്ച ഷൂട്ടര്‍. വി കെ വിജേഷ് ആണ് ഓള് റൗണ്ടര്‍.
കെ എ പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ ഏറ്റവും മികച്ച ഇന്‍ഡോര്‍ കേഡറ്റ് എം എം വിഷ്ണുവാണ്. എല്‍ ആര് രാഹുല്‍ കൃഷ്ണന് മികച്ച ഔട്ട്ഡോര്‍ കേഡറ്റും ഡോണ്‍ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദ് ആണ് ഓള് റൗണ്ടര്‍.
എസ് എ പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ബി ടെക്ക് ബിരുദധാരികളായ 29 പേരും എം ടെക്ക് ഉള്ള ഒരാളും ഉണ്ട്. 105 പേര്‍ക്ക് ബിരുദവും 13 പേര്‍ക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. കെ എ പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 11 പേര് എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എം എസ്ഡബ്ള്യുവും എം ബി എയും ഉള്‍പ്പെടെയുള്ള പി ജി ബിരുദങ്ങള്‍ നേടിയ 24 പേരും ഈ ബാച്ചില്‍ ഉണ്ട്.
സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുത്തിരുന്നു.