ആമയിഴഞ്ചാൻ ശുചീകരണം; 600 സ്ഥാപനങ്ങൾക്ക് നോട്ടീസ്

At Malayalam
1 Min Read

തിരുവനന്തപുരം ആമഴിഞ്ചാൻ തോടിന് നൂറു മീറ്റർ ചുറ്റളവിൽ മാലിന്യനിർമാർജനത്തിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് കോർപ്പറേഷൻ നോട്ടീസ് നൽകി. നിലവിൽ 600 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. മാലിന്യ സംസ്കരണ രീതി എങ്ങനെയാണെന്ന് ഒരാഴ്ചക്കകം കോർപ്പറേഷനെ അറിയിക്കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. 1,600 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികൾ, ഫ്ലാറ്റുകൾ, പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നോട്ടീസ് നൽകിയവയിൽ ഉൾപ്പെടും.

കെ എസ് ആർ ടി സി തമ്പാനൂർ ടെർമിനലിനും നോട്ടീസ് നൽകിയിട്ടുണ്ട്. ബസ് സ്റ്റേഷനിൽ മാലിന്യ സംസ്ക്കരണം ശരിയായ രീതിയിലല്ലെന്നും സ്റ്റാൻഡിനൊപ്പമുള്ള യാർഡുകളിൽ ബസുകൾ കഴുകുന്ന വെള്ളവും ടെർമിനലിലെ കടകളിലെ മാലിന്യവും ആമയിഴഞ്ചാൻ തോട്ടിലേക്കു നേരിട്ട് ഒഴുക്കുന്നത് സ്ക്വാഡ് കണ്ടെത്തിയിരുന്നു. അജൈവ മാലിന്യം ​ഹരിതകർമ്മ സേനയ്ക്കാണ് നൽകുന്നതെന്നും വലിയ രീതിയിലെ മാലിന്യസംസ്കരണ സംവിധാനം ഒരുക്കാൻ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും കെ എസ് ആർ ടി സി മറുപടി നൽകി.

രാജാജി നഗറിലെ മാലിന്യ നിർമാർജന സംവിധാനം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേരും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലാണ് യോ​ഗം. രാജാജി ന​ഗറിൽ‌ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത് കോർപ്പറേഷന്റെ പരി​ഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ എൻജിനീയറിങ് വിഭാ​ഗവും മേയർ ആര്യാ രാജേന്ദ്രനും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment