ആദിവാസി ഊരുകളിൽ നിറയുന്നത് എസ് റ്റി വകുപ്പിൻ്റെ കരുതൽ

At Malayalam
2 Min Read

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യവുമായി വിവിധ സേനകളടക്കം രാപകലില്ലാതെ പണിയെടുക്കുകയാണ്. ഇതിനിടയിൽ വയനാട്ടിലെ പരമ്പരാഗത ജനവിഭാഗമായ ആദിവാസി സമൂഹത്തിൻ്റെ രക്ഷയ്ക്കായി പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ രക്ഷയായത് നിരവധി ആദിവാസി ജീവിതങ്ങൾക്കാണ്. ശരിക്കും ദേവദൂതരെ പോലെ അവിടങ്ങളിലെത്തി പാവങ്ങളുടെ ജീവൻ രക്ഷിയ്ക്കാൻ ദ്രുതഗതിയിൽ ഇവർ നടത്തിയ ഇടപെടൽ ശ്ലാഘനീയമാണ്.

ചൂരൽ മലയിൽ ഉരുൾപൊട്ടി എന്ന് മേഖലയിലെ എസ് റ്റി പ്രമോട്ടർമാർ പാതിരാത്രിയിലാണ് പ്രോജക്ട് ഓഫിസർ പ്രമോദിനേയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ രജനികാന്തിനേയും വിളിച്ചറിയിച്ചത്. അപ്പോൾ തന്നെ ഇരുവരും ദുരന്തമുഖത്തേയ്ക്ക് പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ നിരന്തരം ഫോണിൽ എസ് റ്റി പ്രമോട്ടർമാരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. ദുരന്ത കേന്ദ്രമായ പുഞ്ചിരി മട്ടത്തു താമസിയ്ക്കുന്ന 13 ആദിവാസി കുടുംബങ്ങളുമായി അടിയന്തരമായി സമീപത്തുള്ള വെള്ളാർ മല സ്കൂളിലേയ്ക്ക് മാറാൻ ഇവർ നിർദേശം നൽകുകയും തങ്ങൾ ഉടൻ അവിടെ എത്താമെന്ന് അറിയിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ യാത്രാ മധ്യേ വീണ്ടും ഉരുൾപൊട്ടിയ വലിയ ശബ്ദം കേട്ടതായി പ്രമോട്ടർമാർ അറിയിച്ചതിനെ തുടർന്ന് വെള്ളാർ മല സ്കൂളിൽ നിന്നും രക്ഷപ്പെടാൻ ഇവർ നിർദേശിച്ചു. സമീപത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് പ്രമോട്ടർമാർ ഈ കുടുംബങ്ങളുമായി രക്ഷപ്പെടുകയുമായിരുന്നു. അവസരോചിതമായ ഈ ഇടപെടലിലൂടെ രക്ഷപ്പെട്ടത് 13 കുടുംബങ്ങളിലെ അംഗങ്ങളാണ്. ആ ഉരുൾ പൊട്ടലിലാണ് വെള്ളാർ മല സ്കൂൾ നാമാവശേഷമായത്.

പുഞ്ചിരി മട്ടത്തു നിന്ന് മാറ്റിയ ഈ കുടുംബങ്ങൾക്കടക്കം വിവിധ ക്യാമ്പുകളിൽ കഴിയുന്ന ആദിവാസി വിഭാഗത്തിലുള്ളവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റു അത്യാവശ്യ വസ്തുക്കളും ഒരുക്കി നൽകുന്നതിൽ പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ അഹോരാത്രം ഇപ്പോഴും ജോലി ചെയ്യുകയാണ്.

ഉരുൾപൊട്ടൽ ഭീഷണി ഉണ്ടായിട്ടും തങ്ങളുടെ വാസസ്ഥലം വിട്ടുപോകാൻ തയ്യറാകാതിരുന്ന അഞ്ച് ആദിവാസി കുടുംബങ്ങളിലെ 33 അംഗങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനും അവർക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എത്തിയ്ക്കാനും ഏറെ പണിപ്പെട്ടതായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ രജനികാന്ത് പറഞ്ഞു. സൈന്യം താത്ക്കാലികമായി നിർമിച്ചു നൽകിയ പാലത്തിലൂടെ മറുകരയിലെത്തി പരമ്പരാഗത വഴികളിലൂടെ അല്ലാതെ കൊടും കാട്ടിലുള്ള പാതയിലൂടെ തലയിൽ ചുമന്ന് സാധനങ്ങൾ എത്തിച്ചത് ജീവിതത്തിൽ മറക്കാനാകില്ലെന്ന് പ്രോജക്ട് ഓഫിസർ പ്രമോദും രജനികാന്തും പറയുന്നു.

- Advertisement -

അട്ടമല ആദിവാസി ഊരിൽ കഴിയുന്നവർക്കായുള്ള അവശ്യ വസ്തുക്കൾ എത്തിയ്ക്കുന്നതിനും വലിയ വിഷമം നേരിടേണ്ടിവന്നു. ഉരുൾപൊട്ടലിനെ തുടർന്ന് വഴിയിൽ അപകടകരമായ വിധത്തിൽ കൂറ്റൻ മരങ്ങളും വൻ പാറകളും നിറഞ്ഞിരുന്നതിനാലും പുഴ മുറിച്ചു കടക്കാൻ കഴിയാത്തതിനാലും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു ജീവനക്കാർക്ക്. എൻ ഡി ആർ എഫിൻ്റേയും സൈന്യത്തിൻ്റെയും സഹായത്തോടെ അവിടെ എത്തി സാധനങ്ങൾ കൈമാറിയപ്പോഴാണറിയുന്നത് ഒരു സ്വകാര്യ ചാനൽ ഈ ഊരിലുള്ളവർ പട്ടിണിയായിരുന്നു എന്ന് റിപ്പോർട്ട് നൽകുന്നുവെന്ന്. ഏതോ സ്ഥാപിത താല്പര്യക്കാർ മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചും ഒരു ഊരുവാസിയെ പ്രേരിപ്പിച്ചും പട്ടിണിയാണെന്ന് പറയിപ്പിച്ചത് തങ്ങൾക്ക് ഈ കഷ്ടപ്പാടിനിടയിൽ മാനസിക വിഷുമുണ്ടാക്കിയതായും അവർ പറഞ്ഞു. ഊരിലുള്ളവർക്ക് ഏകദേശം ഒരാഴ്ചത്തേയ്ക്കുള്ള ഭക്ഷണം വീടുകളിൽ അപ്പോഴും ഉണ്ടായിരുന്നതായും ഊരു നിവാസികളും ഉദ്യോഗസ്ഥരും പറയുന്നു.

ഇതും നമ്മൾ അതിജീവിയ്ക്കുമെന്ന് രക്ഷാദൗത്യത്തിൽ ദിവസങ്ങളായി ഏർപ്പെട്ടിരിയ്ക്കുന്ന പട്ടിക വർഗ വികസന വകുപ്പിലെ ജീവനക്കാരും ഒരേ മനസോടെ പറയുന്നു. അതെ, നമ്മൾ അതിജീവിയ്ക്കുക തന്നെ ചെയ്യും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment