ദുരന്ത മുഖത്തെ അതിജീവന സ്നേഹം

At Malayalam
2 Min Read

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിയ്ക്കാൻ കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ, പേരും വിലാസവും പോലും നൽകാതെ നിറമനസോടെ തങ്ങളാൽ കഴിയുന്നത് നൽകുന്നവരുടെ കാഴ്ച ദുരന്ത ദുഃഖങ്ങൾക്കിടയിലും സന്തോഷം പകരുന്നതാണ്. 14 ജില്ലാ ഭരണകൂട ആസ്ഥാനങ്ങളായ കളക്ടറേറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ വലിയ ശേഖരം തന്നെ മലയാളികൾ രണ്ടു ദിവസം കൊണ്ട് എത്തിച്ചു നൽകി. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്, നമുക്ക് തത്ക്കാലം സാധനങ്ങൾ ആവശ്യമില്ലന്നും ദുരിതാശ്വാസ നിധിയാണ് ഇനി മുന്നിൽ കാണേണ്ടതന്നും.

ഉറ്റവരും ഉടയവരും, അതുവരെ നെഞ്ചോട് ചേർത്തു പിടിച്ച സ്വപ്നങ്ങളുമെല്ലാം ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴേക്കും മണ്ണിലലിഞ്ഞുചേർന്നതു കണ്ട് കരയണോ തിരയണോ എന്നറിയാതെ സമനില തെറ്റി നിൽക്കുന്നവർക്ക് എന്തു നൽകിയാലാണ് പകരമാവുക. അവരുടെ പുനരധിവാസം, മറ്റത്യാവശ്യ സാധനങ്ങൾ, കുറേ നാളേയ്ക്കെങ്കിലുമുള്ള ഭക്ഷണം, കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എണ്ണമറ്റ വിഷയങ്ങൾ.. അങ്ങനെ, നമ്മുടെ കൺമുന്നിലുള്ളത് വലിയ ബാധ്യതയാണ്. മനസാക്ഷി വറ്റാത്ത നമുക്ക് മുന്നിലുള്ള വലിയ ബാധ്യത …..അതിജീവനമെന്ന വലിയ ബാധ്യത.

മുഖ്യമന്ത്രിയുടെ ആഹ്വാനം ലോകം ഏറ്റെടുത്തതായാണ് ഇപ്പോൾ മനസിലാകുന്നത്. പതിവു പോലെ മലയാളത്തിൻ്റെ പേര് ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച വിവിധ മേഖലകളിലെ പ്രമുഖർ എല്ലാവരും കയ്യ് മെയ്യ് മറന്ന് ഒരുമിച്ചു. എം എ യൂസഫലി മുതൽ തെരുവിൽ നടന്ന് ലോട്ടറി വിൽക്കുന്നവർ വരെയുള്ള നമ്മുടെ സഹോദരങ്ങൾ. കമൽഹാസൻ മുതൽ പേരില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന നമ്മുടെ കലാകാരൻമാരായ സഹോദരൻമാർ വരെ. അങ്ങനെ പറയാനാണെങ്കിൽ നിരവധി പേർ , ദുരിതാശ്വാസ നിധിയിലേയ്ക്ക് തങ്ങളാൽ കഴിയുന്നതൊക്കെ നൽകുന്നു.

സെലിബ്രറ്റികളായ മിക്കവാറും എല്ലാവരും സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോകൾ പങ്കുവയ്ക്കുന്നു. ഒരാഴ്ചയായി മലയാളികൾക്കിടയിൽ രാഷ്ട്രീയ, മത, വിദ്വേഷ , വൈരാഗ്യ ചർച്ചകളില്ല. മുഖ്യധാരാ മാധ്യമങ്ങളിൽ പരസ്പര ഗ്വാ ഗ്വാ വിളികളില്ല, ആരാധനാലയങ്ങൾ ചർച്ചയാകുന്നില്ല. മനുഷ്യരാണ് ചേറിൽ പുതഞ്ഞു പോയത്; നമ്മുടെ സഹോദരങ്ങളാണവർ എന്ന ചിന്തയേ ഉള്ളു. അതൊക്കെ തന്നെ ധാരാളം. ഉറപ്പാണ്, ഇതും നമ്മൾ മലയാളികൾ അതിജീവിക്കും. ഉറപ്പ്.

- Advertisement -
Share This Article
Leave a comment