പ്രകൃതിദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചലഞ്ച് ക്യാമ്പയിൻ നടത്തുമെന്ന് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ നിന്നുള്ള എം എൽ എ യും കോർപ്പറേഷൻ മുൻ മേയറുമായ വി കെ പ്രശാന്ത്.
ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതൽ ഒരാഴ്ചക്കാലം വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. വി കെ പ്രശാന്തിൻ്റെ നേതൃത്വത്തിൽ ചേർന്ന വോളണ്ടിയർമാരുടെ യോഗത്തിൽ ഇതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിൽ ഇരകളായവരെ സഹായിക്കുന്നതിനും പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം നൽകണമെന്ന മുഖ്യമന്ത്രി ആഹ്വാനം ഏറ്റെടുത്താണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി വോളണ്ടിയർമാർ ഓരോ വീടുകളിലുമെത്തി ദുരിതാശ്വാസ നിധി ചാലഞ്ചിൽ പങ്കെടുക്കുന്നതിന് അഭ്യർത്ഥിക്കും. ഓൺലൈൻ പെയ്മെൻ്റ് സൗകര്യം മാത്രമാണ് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വോളണ്ടിയർമാർ സംഭാവനകൾ പണമായി സ്വീകരിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് ക്യു.ആർ. കോഡ് ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങൾ സംബന്ധിച്ച ബോധവത്കരണവും ഇതോടൊപ്പം നടത്തും.
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്കുള്ള ആദരസൂചകമായി എം എൽ എ യുടെ നേതൃത്വത്തിൽ ശാസ്തമംഗലം ജംഗ്ഷനിൽ ദീപം തെളിയിച്ചു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ മുഴുവൻ ആളുകളും 100 രൂപ ചലഞ്ചിൽ പങ്കെടുക്കണമെന്നും എല്ലാവരും അവരവരുടെ കഴിവനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എം എൽ എ അഭ്യർത്ഥിക്കുകയും ചെയ്തു. 2018 ലെ പ്രളയ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ, അന്ന് തിരുവനന്തപുരം മേയർ ആയിരുന്ന വി കെ പ്രശാന്ത് നടത്തിയ ഇടപെടലുകൾ രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ചിരുന്നു. സഹായമായി ടൺ കണക്കിനു സാധനങ്ങളാണ് അന്ന് തിരുവനന്തപുരത്തു നിന്ന് ദുരിത ബാധിതർക്കായി അയച്ചു കൊടുത്തത്.