ഓർമയിലെ ഇന്ന്, ഓഗസ്റ്റ്- 2, വി ദക്ഷിണാമൂർത്തി

At Malayalam
2 Min Read

സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങൾ……, ഹൃദയ സരസിലെ പ്രണയ പുഷ്പമേ…., കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും…, വാതിൽ പഴുതിലൂടെ…, ഹർഷബാഷ്പം തൂകി….., നാദബ്രഹ്മത്തിൻ… , പൊൻവെയിൽ മണിക്കച്ച….., ഇന്നലെ നീയൊരു സുന്ദര രാഗമായെൻ…., ചന്ദനത്തിൽ കടഞ്ഞെടുത്തൊരു…., താരകരൂപിണി…., ആ‍നകേറാ മല ആളുകേറാമല……, ആ ദിവ്യനാമം അയ്യപ്പാ…, വില്ലെടുത്തു വിളയാടും അയ്യനെ…. തുടങ്ങി എത്ര കേട്ടാലും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കർണ്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്ന വെങ്കിടേശ്വരയ്യർ ദക്ഷിണാമൂർത്തി എന്ന വി ദക്ഷിണാമൂർത്തി.

ഒരു കുടുംബത്തിലെ നാലു തലമുറയിലെ ഗായകരെ കൊണ്ടു പാടിച്ച സംഗീതസംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കാണ്. നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതർ (നല്ല തങ്ക), അദ്ദേഹത്തിന്റെ പുത്രൻ കെ ജെ യേശുദാസ്, യേശുദാസിന്റെ പുത്രൻ വിജയ് യേശുദാസ് (ഇടനാഴിയിൽ ഒരു കാലൊച്ച), വിജയിന്റെ പുത്രി അമേയ (ശ്യാമരാഗം) എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ.

വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9- ന് ആലപ്പുഴയിലാണ് ജനിച്ചത്. അമ്മയിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് 12-ാം വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ രാഗങ്ങൾ സന്നിവേശിപ്പിച്ചു കൊണ്ടുള്ള പാട്ടുകൾ ദക്ഷിണാമൂർത്തിയുടെ പ്രത്യേകതയായിരുന്നു.

അഗസ്റ്റിൻ ജോസഫ് നായകനായ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചത്. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. ആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ എൻ വി കുറുപ്പ് എന്നിവർക്കൊപ്പവും ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. എ ആർ റഹ്മാന്റെ പിതാവും സംഗീത സംവിധായകനുമായ ആർ കെ ശേഖറും ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പി ലീല, പി സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയ പ്രശസ്തരായ പല ഗായകരുടേയും സംഗീത സംവിധായകരുടേയും ഗുരുകൂടിയായിരുന്നു സ്വാമി.

- Advertisement -

2008 ൽ മിഴികൾ സാക്ഷിക്കാണ് അവസാനമായി സംഗീതം നൽകിയത്. 1971 ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്രപുരസ്ക്കാരവും 1998 ൽ ജെ സി ഡാനിയേൽ പുരസ്കാരവും 2003 ൽ ‘സംഗീത സരസ്വതി’ പുരസ്കാരവും 2013ൽ സ്വാതിതിരുനാൾ പുരസ്കാരവും ലഭിച്ചു. 2013 ഓഗസ്റ്റ് 2 ന് അദ്ദേഹം അന്തരിച്ചു.

എത്ര കേട്ടാലും മതിവരാത്ത ഈണവും സംഗീതവും ആസ്വാദകർക്ക് സമ്മാനിച്ചാണ് സ്വാമി യാത്രയായത്. ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന ഗാനങ്ങൾ ഭൂരിഭാഗവും ആലപിച്ചത് യേശുദാസ് ആണ്. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിലെ ഗായകൻ ഉണ്ടാകില്ലായിരുന്നുവെന്ന് യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

Share This Article
Leave a comment