തിരുവനന്തപുരം നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചറിയുന്നവരെ പിടികൂടുവാൻ വിപുലമായ സംവിധാനങ്ങളുമായി തിരുവനന്തപുരം നഗരസഭ. സോണൽ/സർക്കിൾ ഓഫീസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവ മുഖേനയും നടക്കുന്ന പരിശോധനകൾ കൂടാതെ പൊതുജനങ്ങൾ അവരുടെ മൊബൈൽഫോണിലും വീടുകളിൽ സ്ഥാപിച്ച സി സി ടി വി വഴിയും കുറ്റങ്ങൾ പിടികൂടുന്നുണ്ട്. ഇത്തരത്തിൽ ജൂലൈ മാസത്തിൽ മാത്രം പതിനാലു ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി പത്ത് രൂപ പിഴയായി ഈടാക്കിയതായി മേയർ അറിയിച്ചു.
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേനയെ ഏൽപ്പിക്കുക, ഭക്ഷണ മാലിന്യങ്ങൾ കിച്ചൻബിൻ സംവിധാനത്തിലൂടെ സംസ്ക്കരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ജൈവ/അജൈവ മാലിന്യങ്ങൾ നഗരസഭയുടെ അംഗീകാരമുള്ള ഏജൻസികളെ മാത്രം ഏൽപ്പിക്കുക എന്നിങ്ങനെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ നഗരസഭ വിവിധങ്ങളായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മേയർ അറിയിച്ചു.
മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ശക്തമായ നടപടികൾ ഇനിയും തുടരും. പൊതുജനങ്ങളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകണം. മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് പകർത്തി 9447377477 എന്ന നമ്പറിലേക്കോ tvmmayor@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കുക.