ഓർമയിലെ ഇന്ന്ജൂലൈ – 31കാർട്ടൂണിസ്റ്റ് ശങ്കർ

At Malayalam
4 Min Read

ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതി കാര്‍ട്ടൂണിസ്റ്റ് ശങ്കർ എന്ന കെ ശങ്കരപ്പിള്ള. മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1902 ജൂലൈ 31-നായിരുന്നു ജനനം. കാലത്തെ വെല്ലുന്ന രാഷ്ട്രീയ കാർട്ടൂണുകളിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച രാഷ്ട്രീയ കാർട്ടൂണുകളുടെ ഉടയോനായ
ഇന്ത്യന്‍ കാര്‍ട്ടൂണില്‍ ശങ്കറിന്റെ പ്രധാന സംഭാവന ശങ്കേഴ്‌സ് വീക്കിലിയാണ്. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ഒരു സര്‍വകലാശാലയായിരുന്നു അത്. പല തലമുറകളിലെ കാര്‍ട്ടൂണിസ്റ്റുകളെ വളര്‍ത്തിയെടുത്ത കളരി. അതിലൂടെ കടന്നു വന്നവര്‍ പിന്നീട് പ്രശസ്തരായ പ്രതിഭകളായി.

പ്രസിദ്ധീകരണം നിലച്ച ശേഷം ശങ്കേഴ്‌സ് വീക്കിലി പോലൊന്ന് ഉണ്ടായിട്ടില്ല. വരയ്ക്കാന്‍ പറ്റിയ മുഖങ്ങള്‍ തേടി ഡൽഹിയിലെ കൊണാട് പ്ലേസില്‍ പതിവായി നടക്കുന്ന ശങ്കര്‍ എപ്പോഴും കഴുത്തില്‍ ക്യാമറ തൂക്കിയിടുമായിരുന്നു. താല്‍പര്യം തോന്നിയാല്‍ പകര്‍ത്തും, അവ ആല്‍ബമാക്കി വെക്കും. വരയ്ക്കുമ്പോള്‍ റഫറന്‍സിനായി ഉപയോഗിക്കും. ചെറുപ്പം മുതൽ വരകൾക്കൊപ്പം സഞ്ചരിച്ച കുട്ടി ശങ്കരൻ മാവേലിക്കര സ്കൂളിലെ ഉറക്കം തൂങ്ങിയായ അദ്ധ്യാപകന്റെ കാരിക്കേച്ചർ വരച്ച് ഹെഡ്മാസ്റ്ററിൽ നിന്ന് ശിക്ഷ വാങ്ങി.

സ്കൂൾ പഠനം കഴിഞ്ഞ് മാവേലിക്കര രവിവർമ്മ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകല പഠിച്ചു. തുടർന്ന് തിരുവനന്തപുരം മഹാരാജാസ് കോളേജിൽ (യൂണിവേഴ്സിറ്റി കോളേജ്) നിന്ന്

- Advertisement -

ബി എസ് സി ബിരുദം. നിയമത്തിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹവുമായി ബോംബെയിൽ എത്തി. പഠനത്തോടൊപ്പം ബോംബെ ക്രോണിക്കിൾ, ഫ്രീ പ്രസ് ജേർണൽ എന്നീ പത്രങ്ങളിൽ ഫ്രീലാൻസറായി കാർട്ടൂൺ വരയും തുടർന്നു.

1932 അവസാനത്തോടെ പോത്തൻ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഹിന്ദുസ്ഥാൻ ടൈംസിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. 1932-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ തുടങ്ങി. 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്നു.1948-ല്‍ സ്വന്തമായി തുടങ്ങിയതാണ് ശങ്കേഴ്സ് വീക്കിലി. സ്വദേശികളും വിദേശികളുമായ കാർട്ടൂണിസ്റ്റുകളുടെ പറുദീസയായിരുന്നു ശങ്കേഴ്സ് വീക്ക്ലി. കാർട്ടൂണിസ്റ്റ് കുട്ടി, ഒ വി വിജയൻ, സാമുവൽ, യേശുദാസൻ തുടങ്ങി ഒരു തലമുറ ശങ്കറിന്റെ ശിഷ്യന്മാരായിരുന്നു.

ലോക കാർട്ടൂണിന്റെ ആചാര്യനായി വിശേഷിപ്പിക്കപ്പെടുന്ന ഡേവിഡ് ലേയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ശങ്കറിന്റെ കാർട്ടൂണുകളിൽ ഉണ്ട്. തന്റെ ശിഷ്യന്മാരും ഈ ക്ലാസിക് ശൈലി തുടരണമെന്ന് ശങ്കർ വാശി പിടിച്ചിരുന്നു. ഇത്തരം വാശിയാവണം പല ശിഷ്യന്മാരും ശങ്കറിനോട് പിണങ്ങിയാണ് പിരിഞ്ഞതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 27 കൊല്ലം തുടര്‍ന്ന ‘ശങ്കേഴ്‌സ് വീക്ക്‌ലി’ 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തി. ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ‘ശങ്കേഴ്‌സ് വീക്ക്‌ലി’യിലാണ്. ഉറ്റസുഹൃത്തായിരുന്ന നെഹ്‌റുവിനെയായിരുന്നു അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ ഏറ്റവുമധികം വിമര്‍ശിച്ചിരുന്നത്. 400 കാര്‍ട്ടൂണുകള്‍ ഉള്‍ക്കൊള്ളിച്ച ‘എന്നെ വെറുതെ വിടരുത് ശങ്കര്‍’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സെവന്‍സീസ്, സിങ്ങിങ് ഡോങ്കി, ട്രഷറി ഓഫ് ഇന്ത്യന്‍ ടെയ്ല്‍സ്, മദര്‍ ഈസ് മദര്‍ എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.

ശങ്കര്‍ സ്ഥാപിച്ച ചില്‍ഡ്രണ്‍സ് ബുക്ക് ട്രസ്റ്റും ഡോള്‍സ് മ്യൂസിയവും ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളായി കണക്കാക്കുന്നു. 1955-ല്‍ പത്മശ്രീ, 1960-ല്‍ പത്മഭൂഷണ്‍, എന്നീ ബഹുമതികള്‍ ലഭിച്ചു. 1989 ഡിസംബര്‍ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ശങ്കറിന്റെ വരകളുമായി ബന്ധപ്പെട്ട് നിരവധി രസകരമായ സംഭവങ്ങളുണ്ട്. ബ്രിട്ടീഷ് വൈസ്രോയിമാർ മുതൽ ഇന്ത്യൻ ഭരണാധികാരികൾ വരെ ശങ്കറിന്റെ വരകളിൽ ഇടം പിടിച്ചിരുന്നു. ശങ്കർ വരച്ച വെല്ലിംഗ്ടൺ പ്രഭുവിന്റെ കാർട്ടൂൺ സംബന്ധിച്ച് രസകരമായൊരു സംഭവം മാധ്യമ പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ സുധീർനാഥ് തന്റെ ‘കാർട്ടൂണിസ്റ്റ് ശങ്കർ: കല, കാലം, ജീവിതം’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ ജോലി ചെയ്യുകയായിരുന്ന ശങ്കർ വൈസ്രോയിയെ കളിയാക്കി ഒരു കാർട്ടൂൺ വരച്ചു. മണിക്കൂറുകൾക്കകം, വീട്ടിലെത്തി തന്നെ കാണണമെന്ന് വൈസ്രോയിയുടെ ഉത്തരവു വന്നു. പറഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയ ശങ്കറിനെ മുന്നിൽ നിർത്തി ലേഡി വെല്ലിംഗ്ടൺ പറഞ്ഞു:

- Advertisement -

“കാർട്ടൂണൊക്കെ കൊള്ളാം. രസമുണ്ട്, ചിരിയും വരും. പക്ഷേ, അതിലൊരു കുഴപ്പമുണ്ട്.”

അതു കേട്ടതും ശങ്കർ ഒന്ന് അമ്പരന്നു. പറയുന്നത് ലേഡി വെല്ലിംഗ്ടണാണ്. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടൺ പ്രഭുവിന്റെ പത്നി. ആശ്ചര്യവും ആധിയും കലർന്ന മുഖത്തോടെ ശങ്കർ വെല്ലിംഗ്ടൺ പ്രഭ്വിയെ നോക്കി.

അവർ തുടർന്നു:

- Advertisement -

”കുഴപ്പം എന്താണെന്നോ, മൂക്ക്! എന്റെ ഭർത്താവിന്റെ മൂക്ക് നിങ്ങൾ വരച്ചതുപോലല്ല. അതിനിത്ര വലിപ്പമില്ല ! ”

ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ പ്രഭ്വിയെ നോക്കിക്കൊണ്ടിരുന്ന ശങ്കർ അതു കേട്ടതും ചിരിച്ചുപോയി. ശങ്കറിന്റെ അടുത്തിരുന്ന് ചായ കുടിക്കുകയായിരുന്ന വൈസ്രോയിയും ചിരിച്ചു.

വേവൽ പ്രഭുവിനെ ചുടുകാട്ടിൽ നൃത്തമാടുന്ന ഭദ്രകാളിയായി ചിത്രീകരിച്ച കാർട്ടൂൺ അച്ചടിച്ചു വന്നപ്പോൾ ശങ്കറിനെ വൈസ്രോയി വിളിപ്പിച്ചു. ഉൾഭയത്തോടെ ചെന്ന ശങ്കറിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

”എന്റെ പ്രിയപ്പെട്ട ശങ്കർ, താങ്കൾ ഒരു രസികൻ കാർട്ടൂണിസ്റ്റ് ആണ്. ഇന്നത്തെ ആ ചിത്രത്തിന്റെ ഒറിജിനൽ എനിക്കു തരുമോ?” അന്ന് വൈസ്രോയി കൊടുത്ത പാരിതോഷികം അടങ്ങിയ ക്യാഷ് ചെക്ക് താൻ ഏറെക്കാലം നിധിപോലെ സൂക്ഷിച്ചതായി ശങ്കർ അനുസ്മരിച്ചിട്ടുണ്ട്.

Share This Article
Leave a comment