ഓർമയിലെ ഇന്ന് : ജൂലൈ – 30 : ഭരതൻ

At Malayalam
3 Min Read

കാഴ്ചയുടെ…. നോക്കിന്‍റെ….. വാക്കിന്‍റെ….. സൗന്ദര്യത്തെ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടും കൂടി സ്ക്രീനില്‍ വരച്ചിട്ട… മലയാളിയുടെ സിനിമ കാഴ്ചകളിൽ പ്രണയത്തിന്റെയും ഗൃഹാതുരതയുടെയും സെല്ലുലോയിഡ് പതിപ്പിച്ച സംവിധായകൻ ഭരതൻ. സംവിധാനം, കലാസംവിധാനം, ഗാനരചന, ശില്‍പി, പോസ്റ്റര്‍ ഡിസൈനിംഗ്, സംഗീത സംവിധാനം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള സകലകലാവല്ലഭന്‍.

1946 നവംബര്‍ 14ന്‌ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനനം. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ പി എന്‍ മേനോന്‍റെ ജ്യേഷ്‌ഠ പുത്രനായിരുന്നു ഭരതന്‍. അന്തരിച്ച നാടക ചലച്ചിത്ര നടി കെ പി എ സി ലളിത ഭാര്യ ആണ്. നടനും സംവിധായകനുമായ മകൻ സിദ്ധാർഥ്. 1972ല്‍ വിൻസെന്‍റ് സംവിധാനം ചെയ്‌ത ‘ഗന്ധർവ ക്ഷേത്രം’ എന്ന സിനിമയിലാണ് ആദ്യമായി കലാസംവിധായകനായി പ്രവർത്തിച്ചത്. പിന്നീട്‌ ഏതാനും സിനിമകളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ശേഷം 1975ല്‍ പത്മരാജന്‍റെ തിരക്കഥയില്‍ ആദ്യ സ്വതന്ത്ര ചിത്രമായ ‘പ്രയാണം’ സംവിധാനം ചെയ്‌തു. ഏറ്റവും നല്ല പ്രാദേശിക ഭാഷ ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്‍റെ ആദ്യ സിനിമയ്‌ക്ക് ലഭിച്ചു.

പത്മരാജനെപ്പോലെ മലയാള സിനിമയില്‍ ഒരു പുതിയ അവതരണ രീതി കൊണ്ടുവരികയായിരുന്നു ഭരതനും. ന്യൂ ജനറേഷന്‍ സിനിമകള്‍ സംസാരിച്ച വിഷയങ്ങള്‍ അതിലും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്‍ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തു. പത്മരാജന്റെ രചനയിൽ ജയഭാരതിയെയും കൃഷ്ണചന്ദ്രനെയും പ്രധാനകഥാപാത്രങ്ങളക്കി രതിയുടേയും ഇഷ്ടത്തിന്റെയും കഥ പറഞ്ഞ രതിനിര്‍വേദം. ഇന്ത്യൻ സിനിമയിൽ അന്നുവരെ ആരും കൈകാര്യം ചെയ്യാത്ത ഒരു വിഷയമായതു കൊണ്ട് ഏറെ വിമര്‍ശങ്ങളും ഏറ്റുവാങ്ങി. അശ്ലീലതയുടെ അതിപ്രസരണമാണ് ചിത്രത്തിലെന്നായിരുന്നു ഒരു ആരോപണം. എന്നാല്‍ രതിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച സംവിധായകന്‍ വേറെയില്ലെന്നായിരുന്നു ചലച്ചിത്ര പ്രേമികളുടെ അഭിപ്രായം.

കോളേജ് വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയ കഥ പറഞ്ഞ ചാമരം, വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ നായികയുടെ പ്രണയം പ്രമേയമായ കാതോട് കാതോരം അങ്ങിനെ മലയാളിയുടെ കപട സദാചാര ചിന്തകളെ അപ്പാടെ വെല്ലുവിളിക്കുന്നതായിരുന്നു ഭരതന്റെ ചിത്രങ്ങള്‍.
ഭരത സ്പര്‍ശം മുഴുവന്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു വൈശാലി. എം ടിയുടെ തിരക്കഥയില്‍ മനോഹരമായ ഒരു കാവ്യം പോലെ ഒരു ചിത്രം. മലയാള സിനിമയിലെ മാസ്റ്റര്‍പീസ് എന്നാണ് വൈശാലിയെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഫ്രയിമുകള്‍ വൈശാലിയുടെ സവിശേഷതയാണ്. ഭരതന്‍ തന്നെയായിരുന്നു വൈശാലിയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചതും. നിരവധി ദേശീയ പുരസ്കാരങ്ങളും വൈശാലി വാരിക്കൂട്ടി.

- Advertisement -

ഭരതന്‍ ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മകളില്‍ അലയടിക്കുന്ന ചിത്രമാണ് തകര. മാനസിക വളര്‍ച്ചയിലാത്ത തകരയുടെ പ്രണയമായിരുന്നു തകര എന്ന സിനിമയുടെ പ്രമേയം. പത്മരാജന്‍റെ ചതുരംഗം എന്ന നോവലൈറ്റ് ആണ് തകര എന്ന പേരില്‍ ഭരതന്‍ സിനിമയാക്കിയത്. മലയാള സിനിമയ്ക്ക് പുതിയ വ്യാകരണവും ദൃശ്യഭാഷയും ചമച്ച ഭരതന്റെ ഈ അതുല്യ സൃഷ്ടി രതിയെയും പ്രതികാരത്തെയും നാടന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു.

പാളങ്ങള്‍, മര്‍മ്മരം, കാറ്റത്തെ കിളിക്കൂട്, പ്രണാമം, താഴ്‍വാരം, ചമയം, വെങ്കലം, അമരം തുടങ്ങിയവയും ഭരതന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളായിരുന്നു. സിനിമ സംവിധാനത്തിന് ഭരതന് ഭാഷ ഒരു തടസമായിരുന്നില്ല. തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍, കമലഹാസന്‍ എന്നിവരെ അച്ഛനും മകനുമാക്കി സംവിധാനം ചെയ്ത തേവര്‍മകന്‍ കോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

സംഗീത സംവിധാനത്തിലും ഭരതന്‍ തന്‍റെ മികവ് തെളിയിച്ചു. കേളിയിലെ താരം വാല്‍ക്കണ്ണാടി നോക്കി….
താഴ് വാരത്തിലെ കണ്ണത്താ ദൂരെ മറുതീരം എന്നീ ഗാനങ്ങൾ ഭരതന്‍ ഈണമിട്ടതാണ്. കാതോട് കാതോരത്തില്‍ ഔസേപ്പച്ചന്റെ കൂടെയും ഭരതന്‍ പ്രവര്‍ത്തിച്ചു.
മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നിരവധി തവണ ഭരതന്‍ കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ അതിലേറെ തവണ ഭരതന്‍ ചിത്രങ്ങളും സ്വന്തമാക്കി.

ദിവ്യ ഉണ്ണി, മനോജ് കെ ജയന്‍ എന്നിവരെ നായികാ നായകന്മാരാക്കി സംവിധാനം ചെയ്ത ചുരം ആയിരുന്നു ഭരതന്‍റെ അവസാന ചിത്രം. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ച ഈ അതുല്യ പ്രതിഭ 1998 ജൂലൈ 30 ന് അന്തരിച്ചു

Share This Article
Leave a comment