ടയർ പഞ്ചറായി ലോറി, ഗതിമുട്ടി പരിസരവാസികൾ

At Malayalam
1 Min Read

മത്സ്യാവശിഷ്ടങ്ങൾ കയറ്റി ആലുവയിൽ നിന്നും തൂത്തു കുടിയിലേക്കു പോയ ലോറി ചേർത്തലയിൽ വച്ച് ടയർ പഞ്ചറായി വഴിയിൽ കിടന്നത് പരിസരവാസികൾക്ക് തലവേദനയായി മാറി. സമീപ പ്രദേശങ്ങളിൽ മുഴുവൻ ദുർഗന്ധം പരന്ന് പലർക്കും ഛർദിയും തലകറക്കവും മറ്റു ശാരീരികാസ്വാസ്ഥ്യവും ഉണ്ടായി.

ടയർ മാറ്റാതെ മണിക്കൂറുകൾ വണ്ടി പാർക്കു ചെയ്തതോടെ നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭ ജീവനക്കാരും പൊലിസുമെത്തി ലോറി കസ്റ്റഡിയിൽ എടുത്തു. നഗരസഭയുടെ പരിധിയിൽ മാലിന്യ പ്ലാൻ്റ് നിർമിക്കുന്ന സ്ഥലത്ത് എത്തിച്ച് മത്സ്യാവശിഷ്ടങ്ങൾ കുഴിച്ചിടാനുള്ള നടപടികൾ എടുത്തു. ഏകദേശം ഇരുനൂറോളം പെട്ടികളിലായാണ് അവശിഷ്ടങ്ങൾ ലോറിയിൽ കയറ്റിയിരുന്നത്.

നിർമാർജന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് പൊലിസ് ബാക്കിയായ മാലിന്യവുമായി വണ്ടി സ്‌റ്റേഷനിലേക്കു മാറ്റി. അത് പൊലിസിന് പൊല്ലാപ്പായി. ഒടുവിൽ വണ്ടിയിൽ ശേഷിക്കുന്ന മാലിന്യവുമായി സ്ഥലം വിടാൻ ലോറിക്കാരോട് നിർദേശിച്ച് പൊലിസും തടിയൂരിയതായാണ് വിവരം.

Share This Article
Leave a comment