കെ എസ് ഇ ബി ജീവനക്കാർ ആക്രമിക്കപ്പെട്ടാൽ ബോർഡ് ഏറ്റെടുക്കും

At Malayalam
1 Min Read

ഔദ്യോഗിക ജോലിക്കിടെ പൊതുജനങ്ങളിൽ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാർക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും കെ എസ് ഇ ബി ഉറപ്പുവരുത്തുമെന്ന് ബോർഡ്. ജീവനക്കാർക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

കഴിഞ്ഞ ഒരു വർഷം ഫീൽഡ് ജീവനക്കാർക്കെതിരെ ഇരുപതിലേറെ ആക്രമണമുണ്ടായി. അതിക്രമത്തിന് ഇരയാകുന്നവർക്ക് തങ്ങളുടെ ഭീമമായ ചികിത്സാ ചെലവുകളും വ്യവഹാരച്ചെലവുകളും സ്വയം വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൃത്യമായ ജോലി സമയം പോലും നോക്കാതെ രാവും പകലും പ്രകൃതിക്ഷോഭമുൾപ്പെടെ തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവരാണ് കെ എസ് ഇ ബി ഫീൽഡ് ജീവനക്കാർ. വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ളതിനാൽത്തന്നെ അപകടകരമായ പ്രവർത്തന മേഖലയാണിത് എന്നതും മറന്നു കൂട.

അതിക്രമങ്ങൾക്കിരയാകുന്ന ജീവനക്കാർക്ക് പരിക്ക് സാരമല്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലും മാരകമാണെങ്കിൽ ജില്ലയിലെ സ്വകാര്യ സ്പെഷ്യാൽറ്റി ആശുപത്രിയിലും ചികിത്സ ഉറപ്പാക്കും. ചികിത്സയുടെ എല്ലാ ചെലവും കെ എസ് ഇ ബി വഹിക്കും. കോടതി വ്യവഹാരങ്ങളിൽ ആവശ്യമെങ്കിൽ മുതിർന്ന അഭിഭാഷകരുടെ സേവനവും ഉറപ്പാക്കുമെന്നും അറിയിപ്പിലുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment