പണയം വയ്ക്കുന്ന സ്വർണാഭരണങ്ങളിൽ നിന്ന് സ്വർണം മുറിച്ചു മാറ്റിയ അപ്രൈസർ പിടിയിലായി. ചെങ്ങന്നൂരിലെ മുളക്കുഴ ബാങ്കിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്. മുളക്കുഴ സ്വദേശിയായ മധു കുമാറാണ് തട്ടിപ്പിനു പിടിയിലായത്. മാലയുടെ കണ്ണികൾ, കമ്മലിൻ്റെ സ്വർണമുത്തുകൾ , മാലയുടെ കൊളുത്തുകൾ തുടങ്ങിയവയാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.
ആഭരണങ്ങൾ പണയം വച്ചിരുന്നവർ തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് ആഭരണങ്ങളുടെ ഭാഗങ്ങൾ പലതും കാണാനില്ലെന്ന കാര്യം മനസിലാക്കിയത്. മുറിച്ചെടുത്തതിനു ശേഷമുള്ള തൂക്കമായിരുന്നു ഇയാൾ ബാങ്കിലെ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിരുന്നത്. നിരവധി പേർ സമാനമായ പരാതി പറഞ്ഞതോടെയാണ് അന്വേഷണം നടത്തിയത്.
പൊലിസെത്തി ബാങ്കിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ പ്രതിയെ കണ്ടെത്താനായത്. പണയം വച്ച ഏകദേശം ഇരുനൂറിലധികം ആഭരണങ്ങളിൽ ഇയാൾ തട്ടിപ്പു നടത്തിയതായാണ് വിവരം. വിശദമായ അന്വേഷണത്തിനായി പൊലിസ് മധുകുമാറിനെ കസ്റ്റഡിയിൽ കൊണ്ടു പോയി.