അമിതമായി ഹോൺ മുഴക്കി ശബ്ദമലിനീകരണം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ ആർ ടി ഓഫിസിൽ വിളിച്ചു വരുത്തി ഗതാഗത നിയമങ്ങൾ വായിപ്പിച്ചു. മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവർ ജിതിനെയാണ് ആർ ടി ഒ മനോജ് ഗതാഗത നിയമം വായിപ്പിച്ച് തിരികെ വിട്ടത്.
ആർ ടി ഒ യുടെ വാഹനത്തിനു പിന്നാലെ അമിത ശബ്ദത്തിൽ തുടർച്ചയായി ഹോൺ മുഴക്കി ഓടിയ ബസ് തടഞ്ഞു നിർത്തി ട്രിപ്പ് അവസാനിച്ച ശേഷം ഓഫിസിൽ എത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഉച്ചക്കു ശേഷം ഓഫിസിൽ എത്തിയ ജിതിന് ഗതാഗത നിയമ പുസ്തകം നൽകുകയായിരുന്നു.
രണ്ടു മണിക്കൂറോളം വേണ്ടി വന്നു മലയാളത്തിൽ അച്ചടിച്ച നിയമ പുസ്തകം വായിച്ചു തീർക്കാൻ. പുസ്തകം വായിച്ചു കഴിഞ്ഞ ജിതിനെ താക്കീതും നൽകിയാണ് ആർ ടി ഒ തിരിച്ചയച്ചത്