ഓർമയിലെ ഇന്ന്, ജൂലൈ 26, ജോർജ് ബർണാഡ് ഷാ

At Malayalam
2 Min Read

പ്രശസ്ത ആംഗ്ലോ- ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. ഒരേ സമയം ഓസ്കാർ പുരസ്കാരവും നൊബേൽ സമ്മാനവും ഏറ്റു വാങ്ങിയ സാഹിത്യകാരൻ. ആംഗലേയ സാഹിത്യത്തിൽ ഹാസ്യത്തിൽ പൊതിഞ്ഞ് സമകാലിക വിഷയങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയെടുത്ത നാടകകൃത്തും
സാഹിത്യ വിമർശകനും ഗദ്യകാരനുമായിരുന്നു അദ്ദേഹം.

സാഹിത്യ- സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍ മിക്കതും.

1856 ജൂലൈ 26- ന്‌ അയർലന്റിലെ ഡബ്ലിൻ നഗരത്തിലായിരുന്നു ബെർണാഡ് ഷായുടെ ജനനം. അച്ഛൻ ജോർജ്ജ് കർ ഷാ(1814–1885) ഡബ്ലിൻ കോടതിയിലെ ജീവനക്കാരനായിരുന്നു. ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം ധാന്യ വ്യാപാരത്തിൽ പ്രവേശിച്ചുവെങ്കിലും വിജയിക്കാനായില്ല. അമ്മ ലൂസിൻഡ എലിസബത്ത് ഷാ (1830–1913) ഡബ്ലിനിലെ ഒരു ഭൂവുടമയുടെ മകളും സംഗീതജ്ഞയുമായിരുന്നു.

- Advertisement -

കുട്ടിക്കാലം മുതലേ എഴുത്തു തുടങ്ങിയ ഒരു മുഴുനീള എഴുത്തുകാരനൊന്നുമായിരുന്നില്ല ഷാ. സാമൂഹികമായ ചുറ്റുപാടുകൾ എഴുത്തുകാരനാക്കിയ വിപ്ലവകാരിയാണ് അദ്ദേഹമെന്ന് പറയാം. രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതികൾ, വെറും സാധാരണക്കാരുടെ ജീവിതം, ചൂഷണങ്ങൾ എന്നിവയിലൊക്കെ മനസ്സ് മടുത്തു പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്താനായാണ് ഷാ എഴുത്ത് ആരംഭിക്കുന്നത്.

ആദ്യം നോവലെഴുത്തിൽ തുടങ്ങിയെങ്കിലും സാഹിത്യ ലോകം ബർണാഡ് ഷാ എന്ന പേര് കേട്ട് തുടങ്ങുന്നത് നാടക രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിലൂടെയാണ്. 63 നാടകങ്ങളും രണ്ടു ലക്ഷത്തിലധികം ലഘു പ്രബന്ധങ്ങളും അദ്ദേഹം എഴുതിയെന്നു കേൾക്കുമ്പോൾ വായനക്കാർ അമ്പരക്കും. എന്നാൽ എഴുത്തിനോട് അത്രയ്ക്ക് ആരാധനയും ഭ്രാന്തുമായിരുന്നു ഷായ്ക്ക്. ഷായുമായി ബന്ധപ്പെട്ടു നിരവധി തമാശ നിറഞ്ഞ കഥകൾ നിലവിലുണ്ട്. തുടർച്ചയായ പുകവലി ആരോഗ്യത്തിന് ദോഷമല്ലെ അത് നിർത്തിക്കൂടെ എന്ന് ചോദിച്ച സഹപ്രവർത്തകനോട് പറഞ്ഞ മറുപടി “പുകവലി നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ തന്നെ ഒരു നൂറ് തവണയെങ്കിലും പുകവലി നിര്‍ത്തിയിട്ടുണ്ട്” എന്നാണ്‌.

മികച്ച ഒരു ഫൊട്ടോഗ്രാഫർ കൂടിയായ ഷായുടെ ഫോട്ടോകൾ ലണ്ടൻ നാഷണൽ ട്രസ്റ്റിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. സോഷ്യലിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ, തൊഴിലാളിവര്‍ഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയന്‍ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവര്‍ഗ്ഗചൂഷണങ്ങള്‍ക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബല്‍ സമ്മാനവും (1925) ഓസ്‌കര്‍ പുരസ്‌കാരവും (1938) നേടിയ ഒരേയൊരു വ്യക്തിയാണ് ബെര്‍ണാര്‍ഡ് ഷാ. ബഹുമതികളില്‍ താത്പര്യമില്ലായിരുന്ന അദ്ദേഹം നോബല്‍ സമ്മാനം നിരസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഭാര്യയുടെ പ്രേരണയാല്‍ അതു സ്വീകരിച്ചു. 1943 സെപ്റ്റംബര്‍ 12-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്മം പത്നി ഷാർലറ്റ് ഷായുടേതിനൊപ്പം അവസാനകാലം ചിലവഴിച്ച ഷാസ് കോർണറിലെ പൂന്തോട്ടത്തിൽ വിതറി.

Share This Article
Leave a comment