ഇരുപത് കോടിയുടെ തട്ടിപ്പു നടത്തിയ മണപ്പുറം കോംപ് ടെക് ആൻ്റ് കൺസൾട്ടൻസിയിലെ അസിസ്റ്റൻ്റ് മാനേജർ ധന്യ മോഹൻ പൊലിസിൽ കീഴടങ്ങി. തൃശൂർ വലപ്പാട് ശാഖയിൽ നിന്നാണ് ഭീമമായ തുക യുവതി അപഹരിച്ചത്. സ്ഥാപനത്തിലെ സിസ്റ്റം മുഴുവൻ ധന്യയുടെ നിയന്ത്രണത്തിലായിരുന്നു. 20 കൊല്ലത്തെ കമ്പനിയിലെ സേവനത്തിൻ്റെ മറ കൂടി ഉപയോഗിച്ചാണ് ധന്യ കൊള്ള നടത്തിയത്. റമ്മി കളിയ്ക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ധന്യ തട്ടിപ്പു നടത്തിയതെന്ന് പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനുള്ളിൽ എണ്ണായിരം അക്കൗണ്ടുകളിലൂടെയാണ് പണം മാറ്റിയത്. വലപ്പാട് സ്ഥലം വാങ്ങി ആഡംബര വീടു പണിയുകയും കാർ പാർക്കിംഗിനായി അധികമായി അഞ്ചു സെൻ്റ് സ്ഥലം കൂടി വാങ്ങുകയും ചെയ്തിരുന്നു. കൂടാതെ നിരവധി ആഡംബര വാഹനങ്ങളും വാങ്ങിയിരുന്നു.
ഓൺലൈൻ റമ്മി കളിയിലൂടെ കോടികൾ നേടിയതിൻ്റെ ആദായ നികുതി അടയ്ക്കാൻ കണക്കാവശ്യപ്പെട്ടെങ്കിലും ധന്യ അത് നൽകിയിരുന്നില്ല. കമ്പനിയിൽ ഇത് ചർച്ചയായതോടെയാണ് അവർ അന്വേഷണം തുടങ്ങിയത്. പിടിക്കുമെന്ന് ഉറപ്പായപ്പോൾ ധന്യ വീട്ടുകാരോടൊപ്പം വീടും പൂട്ടി ഒളിവിൽ പോയി. തുടർന്ന് ധന്യയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കുടുംബാംഗങ്ങൾ കൂടി അറിഞ്ഞു കൊണ്ടാണ് ധന്യ തട്ടിപ്പു നടത്തിയതെന്നാണ് പൊലിസിൻ്റെ നിഗമനം. പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ധന്യയെ ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ധന്യ വാങ്ങി കൂട്ടിയ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങിയതായും പൊലിസ് അറിയിച്ചു.