ഓർമയിലെ ഇന്ന് : ജൂലൈ – 25 : ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ

At Malayalam
2 Min Read

20-ാം നൂറ്റാണ്ടിലെ പ്രശസ്തരായ കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍. 1908 ജൂലൈ 25 ന് തമിഴ്‌നാട്ടിലെ തിരുക്കൊടിക്കാവലിൽ അഷ്ടപദി ഗായകനായ രാധാകൃഷ്ണ അയ്യരുടെയും ധർമ്മസം‌വർധിനി അമ്മാളുടെയും മൂന്നാമത്തെ മകനായി ജനനം. ചെറുപ്പം മുതല്‍ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം നാലു വയസു വരെ അമ്മാവനും വയലിൻ വിദ്വാനുമായ തിരുക്കോഡിക്കാവൽ കൃഷ്ണ അയ്യരോടൊപ്പമായിരുന്നു താമസം. കൃഷ്ണ അയ്യരുടെ മരണത്തെത്തുടർന്ന് ശ്രീനിവാസൻ തിരുവാരൂർ ജില്ലയിൽപ്പെട്ട ശെമ്മങ്കുടിയിൽ മാതാപിതാക്കളോടൊപ്പം താമസമാക്കി. എട്ടാം വയസിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ അരങ്ങേറ്റം 18-ാം വയസിൽ കുംഭകോണത്തെ നാഗേശ്വര ക്ഷേത്രത്തിൽ വെച്ചായിരുന്നു.

1927-ൽ മദ്രാസിൽ നടന്ന ഇന്ത്യൻ സമ്മേളനത്തിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സംഗീത പരിപാടി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായിത്തീർന്നു. ഈ പരിപാടിയെ പുകഴ്ത്തിക്കൊണ്ടു വന്ന പത്രവാർത്തകളെത്തുടർന്ന് നിരവധി വേദികളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമനുജ അയ്യങ്കാർ തുടങ്ങിയ അതുല്യരുടെ പ്രോത്സാഹനങ്ങളും ശെമ്മങ്കുടിയുടെ വളർച്ചയെ ഏറെ സഹായിച്ചു.

‘ആധുനിക കര്‍ണാടക സംഗീതത്തിന്റെ പിതാമഹന്‍’ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. തന്റെ ജീവിതത്തിന്റെ ഗണ്യമായൊരു കാലയളവ് കേരളത്തില്‍ ചെലവഴിച്ച ശെമ്മങ്കുടി അയ്യര്‍ സ്വാതിതിരുനാള്‍ കൃതികള്‍ക്ക് ചിട്ടയും പ്രചാരവും നല്‍കുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാസ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വാതി തിരുനാൾ കൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതല വഹിക്കാനായത് ശെമ്മാങ്കുടിയുടെ സംഗീതസപര്യയിലെ മറ്റൊരു വഴിത്തിരിവ് ആയിരുന്നു.

1941 മുതൽ 1963 വരെയുള്ള കാലഘട്ടത്തിൽ തിരുവനന്തപുരത്തെ സ്വാതി തിരുനാൾ അക്കാദമിയിൽ പ്രവർത്തിച്ച അദ്ദേഹം അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനം വരെ അലങ്കരിച്ചു. അക്കാദമിയിൽ നിലവിലിരുന്ന മൂന്നു വർഷത്തെ ഗായക ഡിപ്ലോമ പാഠ്യപദ്ധതി പരിഷകരിച്ച് നാലു വർഷത്തെ ‘ഗാനഭൂഷണം’ പാഠ്യപദ്ധതിയാക്കുകയും തുടർ വിദ്യാഭ്യാസത്തിന് രണ്ടു വർഷത്തെ ‘വിദ്വാൻ’ പാഠ്യപദ്ധതി ആരംഭിക്കുകയും ചെയ്തു. സംഗീതത്തിനു പുറമേ വീണ, വയലിൻ മുതലായവയുടെ ക്ലാസുകൾക്കും തുടക്കമിട്ടു.

- Advertisement -

എം എസ് സുബ്ബലക്ഷ്മി, കെ ജെ യേശുദാസ്, നെയ്യാറ്റിൻ‌കര വാസുദേവൻ, എം ജി രാധാകൃഷ്ണൻ തുടങ്ങി പ്രശസ്തരായ സം‌ഗീതജ്ഞരുടെയും ഗായകരുടെയും ഒരു നിര തന്നെ ശിഷ്യരായുണ്ടായിരുന്ന സംഗീതലോകത്തിലെ ഈ അനശ്വര പ്രതിഭയ്ക്ക് പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1990) പുരസ്‌കാരങ്ങള്‍ക്കു പുറമേ തമിഴ്‌നാട് സര്‍ക്കാരിന്റെ സംഗീതനാടക അക്കാദമി പുരസ്‌കാരം (1953), മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍ (1981) തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2003 ഒക്ടോബര്‍ 31ന് അദ്ദേഹം അന്തരിച്ചു

Share This Article
Leave a comment