അർജുനായി അഞ്ചാം നാളും പ്രാർത്ഥനയോടെ

At Malayalam
1 Min Read

കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ ലോറിയ്ക്കുള്ളിൽ കുടുങ്ങി കിടക്കുന്ന അർജുനായുള്ള തിരച്ചിൽ ഇന്നു പുലർച്ചെ പുനരാരംഭിച്ചു. ഇന്നലെ രാത്രി 9 മണി വരെയും തിരച്ചിൽ തുടർന്നിരുന്നു. തീവ്ര മഴയും വീണ്ടുമുള്ള മണ്ണിടിച്ചിൽ സാധ്യതകളുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്നത്.

നാവിക സേനയും എൻ ഡി ആർ എഫും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജി പി എസ് സിഗ്നൽ കിട്ടിയ സ്ഥലത്തെ മണ്ണു മാറ്റിയുമൊക്കെ പരിശോധന നടത്തുന്നുണ്ട്. ഏകദേശം പത്തോളം പേർ വിവിധ വാഹനങ്ങളിലായി മണ്ണിനടയിലുണ്ടന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മണ്ണിടിച്ചിലിലും നീരൊഴുക്കിലും പെട്ട് അർജുൻ്റെ ലോറി സമീപത്തെ ഗംഗാവലി പുഴയിൽ ഒഴുകിപോയിട്ടുണ്ടാകും എന്ന സംശയത്തിൽ ഇന്നലെ തന്നെ ശക്തമായ പരിശോധന നടത്തിയെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ മോട്ടോർ വാഹന വകുപ്പിലെ നാല് ഉദ്യോഗസ്ഥർ കാസർഗോഡുനിന്ന് കർണാടകയിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരും ഇന്ന് രക്ഷാ സംഘത്തിനൊപ്പം ചേരുമെന്ന് അറിയുന്നു.

സംഭവത്തിൽ നിലവിൽ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശേഷിച്ചവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കുടുങ്ങിയ 10 പേരെ കുറിച്ചു മാത്രമേ വിവരമുള്ളുവെന്നാണ് ജില്ലാ കളക്ടർ ഇന്നലെ പറഞ്ഞത്. മറ്റുള്ളവർ ആരാണന്നോ അവർക്ക് എന്തു സംഭവിച്ചു വെന്നോ നിലവിൽ ഒരു വിവരവുമില്ല. കലങ്ങി മറിഞ്ഞൊഴുകുന്ന ഗംഗാവലിയിൽ പെട്ടതാകാമെന്നാണ് നിഗമനം.

- Advertisement -

എട്ടു വയസ് പ്രായമുള്ള കുട്ടിയടക്കമാണ് ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തത്. ഇതിൽ 5 പേർ ഒരേ കുടുംബത്തിൽപ്പെട്ടവരുമാണ്. മണ്ണിടിച്ചിലുണ്ടായതിനു സമീപത്ത് ഇവർ ചായക്കട നടത്തുകയായിരുന്നു. മരിച്ചവരുടെ കൂട്ടത്തിൽ കണ്ടെത്തിയ ഒരാൾ തമിഴ്നാട് സ്വദേശിയാണെന്ന് സൂചനയുണ്ട്. ഇതിനോടകം ഒരു കാറും ഒരു ട്രക്കും മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment