സംസ്ഥാനത്ത് ആശങ്ക പടർത്തി ഒരാൾക്കു കൂടി കോളറ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തു നിന്നു തന്നെയാണ് അതും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ കോളറ ബാധിച്ച അന്തേവാസികളെ മെഡിക്കൽ കോളജിൽ പരിചരിച്ച നഴ്സിൻ്റെ ഭർത്താവിനാണ് ഇപ്പോൾ കോളറ ബാധ സ്ഥിരീകരിച്ചത്.
നേരത്തേ, നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ ഉറവിടം വാട്ടർ ടാങ്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോളറ രോഗാണുക്കൾ എങ്ങനെ കുടിവെള്ള ടാങ്കിലെത്തി എന്നതിന് സ്ഥിരീകരണം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞ ദിവസം പുനരധിവാസ കേന്ദ്രത്തിലെ ഒരു അന്തേവാസിക്കു കൂടി കോളറ ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.
സംസ്ഥാനത്ത് വൈറൽ പനി, ചുമ, ഡെങ്കി – എലിപ്പനി ബാധിതരും വർധിക്കുകയാണ്. ഇടവിട്ടുള്ള മഴയാണ് പ്രധാന വില്ലൻ. നല്ല ശുചിത്വവും മുൻകരുതലും ഓരോരുത്തരും പാലിയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിയ്ക്കുന്നു.