മഴക്കാലമായതിനാൽ നദികളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും മിക്ക തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും വിലക്കുണ്ട്, അല്ലെങ്കിൽ മുന്നറിയിപ്പുണ്ട്. ഇതെല്ലാം അവഗണിച്ച് അപകടത്തിലേക്ക് സ്വയം നടന്നു ചെല്ലുന്നവരെ എന്തു ചെയ്യണം. നല്ല പെട പെടയ്ക്കണം എന്നാണെങ്കിൽ കർണാടക പൊലിസിനെ അതിനൊന്നും കിട്ടില്ല ഭായി. നല്ല എട്ടിൻ്റെ പണി വേറെ കയ്യിലുള്ളപ്പോ എന്തിനാ പെട?
കർണാടകയിലെ മുടിഗെരെയിലെ ചാർമാടി എന്ന വെള്ളച്ചാട്ടത്തിൽ കുളിയ്ക്കാനെത്തിയ സംഘത്തോട് പൊലീസ് അറിയാവുന്ന ഭാഷയിൽ പറഞ്ഞു. പാറയിൽ നല്ല വഴുക്കലുണ്ട്, ജലാശയത്തിന് വലിയ ആഴമുണ്ട് എന്നൊക്കെ – ആരു കേൾക്കാൻ. തങ്ങൾ വിനോദ സഞ്ചാരികളാണന്നും തങ്ങളെ തടഞ്ഞാൽ കനത്ത വില നൽകേണ്ടി വരുമെന്നു സഞ്ചാരികൾ പൊലിസിനോടും പറഞ്ഞു.
ഗത്യന്തരമില്ലാതെ പൊലിസ് പിൻമാറി. പോയ വഴിക്ക് ‘സഞ്ചാരി ‘ കളുടെ അഴിച്ചു വച്ച ഉടയാടകളെല്ലാം കൂടി എടുത്തിട്ട് പോയി, ഏതായാലും ഒരു വഴിയ്ക്കു പോകുന്നതല്ലേ, ഇരിക്കട്ടേന്ന് അവരും കരുതി. പിന്നല്ലേ പുകില്. കെഞ്ചി പറഞ്ഞിട്ടും പൊലിസ് വസ്ത്രങ്ങൾ കൊടുത്തില്ലന്ന് മാത്രല്ല, ആറേ അറുപതിൽ ജീപ്പ് സ്‌റ്റേഷനിലേക്ക് വിടുകയും ചെയ്തു. പിന്നാലെ അല്പ വേഷധാരികളായി ‘സഞ്ചാരി ‘കളും സ്‌റ്റേഷനിലെത്തി. കുറ്റം ഏറ്റു പറഞ്ഞു. ഇത്തരം അപകട മേഖലകളിൽ ഇറങ്ങില്ലെന്ന് പ്രതിജ്ഞ എടുത്താണ് അവർ സ്റ്റേഷൻ വിട്ടത്.