ഓർമയിലെ ഇന്ന്, ജൂലൈ 15, എം ടി വാസുദേവൻ നായർ

At Malayalam
4 Min Read

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, അദ്ധ്യാപകൻ, പത്രാധിപർ എന്നീ നിലകളിൽ പ്രശസ്തനായ എം ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായർ.

വിവിധ തലമുറകളുടെ സ്നേഹ വാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. 1933 ജൂലായ് 15-ന്‌ പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി
കൂടല്ലൂരിൽ ജനനം. നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉതൃട്ടാതിയാണ്.

മലമക്കാവ് എലിമെന്‍ററി സ്കൂൾ, കുമരനല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953 ലാണ് രസതന്ത്രത്തിൽ ബിരുദം നേടിയത്. ബിരുദം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 1957ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അതോടൊപ്പം എഴുത്തും തുടര്‍ന്നു. എം ടി തന്റെ ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. തുടർന്ന് കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.

സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. കോളജ് കാലത്ത് ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം ടി യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി.

- Advertisement -

ഇതോടെയാണ് മലയാള സാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്. ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഏറെ ചർച്ചയായി. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ, പിന്നീട് ‘നാലുകെട്ട്’. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം.‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു.
പരിചിതമായ ജീവിത യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കാലാതിവർത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. ‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’ തുടങ്ങിയ നോവലുകൾ. കൂടാതെ വായനക്കാർ നെഞ്ചോടു ചേർത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും.

1984ൽ ആണ് ‘രണ്ടാമൂഴം’ പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണിൽ നിന്ന് എഴുതിയ ജനസ്വീകാര്യത ഏറെ ലഭിച്ച കൃതിയായിരുന്നു അത്. അതിനു ശേഷം ‘തൊണ്ണൂറുകളിലാണ് ‘വാരണാസി’ പുറത്തുവന്നത്. സാഹിത്യ ജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് എം ടിയുടെ സിനിമാ ജീവിതവും.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം ടി ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി നിർമിച്ച് സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലു തവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു. കൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്.

കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം ടിക്ക് തന്നെയായിരുന്നു. രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചു.

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്ക്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

- Advertisement -

1965ല്‍ എം ടി എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെ വിവാഹം കഴിച്ചു. പതിനൊന്നു വര്‍ഷത്തിനുശേഷം ആ ബന്ധം വേർപിരിഞ്ഞു. 1977ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ സഹധര്‍മിണിയാക്കി. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതിയും വിവാഹിതയാണ്.

രക്തം പുരണ്ട മണ്‍ത്തരികള്‍, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, തെരഞ്ഞെടുത്ത കഥകള്‍, ഡാര്‍ എസ്‌ സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷര്‍ലക്, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍).

നാലുകെട്ട്, പാതിരാവും പകല്‍വെളിച്ചവും അറബിപ്പൊന്ന്, (എന്‍.പി. മുഹമ്മദുമൊത്ത്) അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി (നോവലുകള്‍) കാഥികന്റെ പണിപ്പുര, ഹെമിങ് വേ ഒരു മുഖവുര, കാഥികന്റെ കല, മാണിക്ക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി, മനുഷ്യര്‍ നിഴലുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വന്‍കടലിലെ തുഴവള്ളക്കാര്‍, കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം എന്നീ പുസ്തകങ്ങളും ഗോപുര നടയില്‍ എന്ന നാടകവും എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍ ഒരു ചെറുപുഞ്ചിരി, എം ടിയുടെ തിരക്കഥകള്‍, പരിണയവും മറ്റു തിരക്കഥകളും തുടങ്ങിയ തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്ഞാനപീഠം, പത്മവിഭൂഷൺ തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ തേടിയെത്തിയ എം ടി മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമാണ്, എന്തെഴുതിയാലും അതിൽ നക്ഷത്രം വിടർത്താൻ സാധിക്കുന്ന എം ടിയ്ക്ക് 91-ാം പിറന്നാൾ വേളയിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

- Advertisement -
Share This Article
Leave a comment