കണ്ണൂർ ജില്ലയിലെ ഇരിട്ടി നിവാസികൾ പുലി /കടുവ ഭീതിയിൽ. കടുവ എന്നു നാട്ടുകാരും പുലിയാണന്ന വിലയിരുത്തലിൽ വനം വകുപ്പും രണ്ടു തട്ടിൽ. എന്തായാലും വേണ്ടില്ല, ഉടനേ അതിനെ കൂട്ടിലാക്കിയാൽ മതിയെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
രാവിലെ വാണിയപ്പാറ ഉണ്ണി മിശിഹായുടെ പള്ളി മുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം രാത്രിയിൽ പള്ളി പരിസരത്ത് അജ്ഞാതമായ വന്യജീവിയുടെ കരച്ചിൽ കേട്ടതായും നാട്ടുകാർ പറയുന്നു. ഏതോ വന്യജീവിയെ പുലി പിടി കൂടിയതാവാം എന്നും നാട്ടുകാർ അനുമാനിക്കുന്നു.
വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് പുലിയുടെ കാല്പാടുകളാണ് പള്ളിമുറ്റത്തു കണ്ടെത്തിയതെന്നാണ്. ഏതായാലും ആഴ്ചകൾക്കു മുമ്പു പള്ളി പരിസരത്തുള്ള രണ്ടു വീടുകളിലെ വളർത്തു നായ്ക്കളെ ഏതോ അജ്ഞാത ജീവി പിടിച്ചു കൊണ്ടു പോയതായും നാട്ടുകാർ പറയുന്നു. പുലി തന്നെയാകാനാണ് സാധ്യത എന്നാണ് വനം വകുപ്പ് പറയുന്നത്.
പുലിയെ പിടിയ്ക്കാനായി പള്ളി പരിസരത്തും സമീപ പ്രദേശങ്ങളിലും കൂടുകൾ സ്ഥാപിയ്ക്കാനുള്ള നീക്കം തുടങ്ങിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു