2017 നു ശേഷം ആദ്യമായി കേരളത്തിൽ കോളറ ബാധിച്ച് ഒരാൾ മരിച്ചതായി സംശയം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ ഒരു അന്തേവാസി മരിച്ചതാണ് സംശയത്തിന് ആധാരം. മരിച്ച 26 വയസുള്ള ആളിനൊപ്പം വയറിളക്ക ബാധയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കോളറയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒമ്പതോളം പേർക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ മരണം സംഭവിച്ചത് കോളറ മൂലമാണോ എന്നത് പരിശോധിച്ച് ഉറപ്പാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഹോസ്റ്റലിലെ അന്തേവാസികളിൽ ചിലർ കൂടി സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ വിശദമായി പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചു.