വോട്ടു ചെയ്യുന്നെങ്കിൽ അത് കർണാടകത്തിലെ സുധാകർജി യ്ക്കു ചെയ്യണം

At Malayalam
2 Min Read

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബി ജെ പി നേതാവായ കെ സുധാകറിന് വോട്ടു ചെയ്തു ജയിപ്പിച്ച വോട്ടർമാർ അവിടെ ‘ ആറാടുകയാണ് ‘. ബി ജെ പി യുടെ മുതിർന്ന നേതാവും മുൻമന്ത്രിയും നിലവിൽ എം പി യുമായ സുധാകർജി ഒന്നര ലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. പരാജയപ്പെട്ടത് കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സുധാകർജി വിജയിച്ചതിലുള്ള ആഹ്ലാദ പ്രകടനം നടന്നത്.

പടുകൂറ്റൻ ആഹ്ലാദ റാലി ബി ജെ പി പ്രവർത്തകരും സുധാകറിൻ്റെ അനുയായികളും ചേർന്ന് സംഘടിപ്പിച്ചിരുന്നു. റാലിയിൽ പങ്കെടുക്കാൻ ജനം ഒഴുകി എത്തുകയും ചെയ്തു. റാലി അവസാനിച്ചു കഴിഞ്ഞപ്പോൾ സുധാകർജിയുടെ അനുയായികൾ ജാഥയിൽ പങ്കെടുത്ത പുരുഷൻമാരോട് ക്യൂ നിൽക്കാനാവശ്യപ്പെട്ടു. വല്ല സമൂസയോ ചായയോ ഏറിയാൽ ഒരു ബിരിയാണി പൊതിയോ പ്രതീക്ഷിച്ചു നിന്നവരുടെ കണ്ണു തള്ളിപ്പോയി. മേശപ്പുറത്തും നിലത്തുമായി കേയ്സു കണക്കിന് മദ്യകുപ്പികൾ. ഓരോരുത്തർക്കും ഓരോ കുപ്പി മദ്യം ഇനാം.

സൗജന്യ മദ്യം വാങ്ങാൻ ആളുകളുടെ നീണ്ട നിര നിമിഷ നേരം കൊണ്ട് രൂപപ്പെട്ടു. കൈയ് മെയ് മറന്ന് അണികൾ മദ്യം എടുത്ത് വിതരണം ചെയ്തു കൊണ്ടേയിരുന്നു. ഇടയ്ക്ക് ആവേശം മൂത്ത് ആരെങ്കിലും വരി തെറ്റിച്ചാൽ നല്ല കീറു കൊടുക്കാനായി കാക്കിയിട്ട ഏമാൻമാരും വന്നു നിരന്നു നിന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘ഇഷ്ടം പോലെ ‘ കാണാവുന്നതാണ്.

കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇതത്ര ഇഷ്ടമായ മട്ടല്ല. ബി ജെ പി യുടെ ദേശീയ അധ്യക്ഷൻ നഡ്ഢജിക്ക് മദ്യ വിതരണ സമ്മേളനത്തിൽ അഭിപ്രായം എന്തെങ്കിലും ‘ണ്ടോ’ എന്ന് ശിവകുമാർ സർ ചോദിച്ചിട്ടുണ്ട്. സംസ്ഥാനം ഭരിയ്ക്കുന്നത് കോൺഗ്രസല്ലേ, പരസ്യ മദ്യ വിതരണത്തിൽ നടപടി എടുക്കുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് ആദ്യം ബി ജെ പി പറയട്ടെ പിന്നെ ഞങ്ങൾ നോക്കാം എന്നായി ശിവകുമാർ സാറ്.

- Advertisement -

മറ്റു മണ്ഡലങ്ങളിൽ നിന്നു ജയിച്ച എം പി മാർ ഇനി എങ്ങനെ വെറും കയ്യോടെ മണ്ഡലത്തിൽ പോകും എന്ന് ആലോചിച്ച് തല പുകയ്ക്കുകയാണന്നാണ് ചില ‘കുബുദ്ധി ‘ കൾ ഇപ്പോൾ പറയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment