തൃശൂരെടുത്ത കേന്ദ്ര ജി യും താങ്ങായ ഭാവി ജി യും

At Malayalam
3 Min Read

എം കെ വർഗീസ് അങ്ങനെയാണ്. ‘കമ്മിഷണർ ‘ സിനിമ കണ്ടപ്പോ തുടങ്ങിയ ആരാധനയാണ് സുരേഷ് ഗോപിയോട്. അന്ന് സുരേഷ് ഗോപി ബി ജെ പി അല്ലന്നതോ പോട്ടെ, രാഷ്ട്രീയക്കാരൻ പോലും ആയിരുന്നില്ല. വർഗീസാകട്ടെ അന്ന് ഇടതുപക്ഷത്തുമല്ല. പിന്നെ സുരേഷ് ഗോപി സിനിമകൾ ഓരോന്നായി വന്നു, വർക്കിച്ചായൻ തൃശൂരിലെ തിയറ്ററുകൾ മാറി മാറി സുരേഷ് ഗോപി സിനിമകൾ കണ്ടുകൊണ്ടുരിന്നു. കയ്യിലെ കപ്പലണ്ടി പൊതികൾ ഒഴിഞ്ഞു കൊണ്ടുമിരുന്നു.

കാലം കടന്നു പോകവേ തെരഞ്ഞെടുപ്പു വന്നു. പഠിയ്ക്കുന്ന കാലത്ത് എസ് എഫ് ഐ ആയിരുന്നു എന്ന് ഇപ്പോൾ സ്വയം പറയുകയും (കെ എസ് യു ആയിരുന്നെന്ന് ചില സഹപാഠികൾ രഹസ്യമായി പറയുന്നുമുണ്ട് ) പിന്നീട്, സാക്ഷാൽ ലീഡർ കെ കരുണാകരൻ്റെ കിടപ്പറയിൽ വരെ കയറാവുന്ന പൊസിഷനിലുമൊക്കെ എത്തിയ സുരേഷ് ഗോപിയുടെ ആരാധകനായതു കൊണ്ടു തന്നെ വർക്കിച്ചായന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇടതു പക്ഷത്തേയ്ക്ക് ചാടാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ചാട്ടക്കാരെ അന്നുമിന്നും വാതിൽ തുറന്നിട്ട് സ്വീകരിച്ച് പണി വാങ്ങാനിരിക്കുന്ന എൽ ഡി എഫിലെ വല്യേട്ടൻ പാർട്ടിക്ക് തൃശൂർ വർക്കിച്ചായനെ വല്യ ഇഷ്ടായി. ഇരിയ്ക്കാൻ വലിച്ചിട്ടു കൊടുത്തു മേയർ കസേര. ( മേയറുടെ ഉടുപ്പുമിട്ട് ഡൈയും ചെയ്തിരുന്ന ബി ജെ പി സിങ്കം കെ ഗോപാലകൃഷ്ണൻജിയുടെ നെഞ്ചിലെ വേദന ഇനീം മാറീട്ടില്ല ) വർക്കിച്ചായൻ കോർപ്പറേഷനിലിരുന്ന് കഠിനമായി അദ്ധ്വാനിക്കാൻ തുടങ്ങി. തൃശൂരിൻ്റെ നന്മ…. നന്മ മാത്രം ലക്ഷ്യം വച്ച്.

സി പി ഐ അന്നു പിറുപിറുത്തെങ്കിലും വർക്കിച്ചായൻ്റെ ഒറ്റ സീറ്റിൻ്റെ ബലത്തിൽ എൽ ഡി എഫ് തൃശൂർ കോർപ്പറേഷൻ ഭരണം പിടിച്ചതല്ലേ , പതിവുപോലെ അവരടങ്ങി. അങ്ങനെ ഭരിച്ചാലും ‘ഭരുമോ ‘ ( സി വി രാമൻ പിള്ളയോട് കടപ്പാട് ) എന്നു നോക്കണമല്ലോ. ഇതിനിടയിൽ, 2019 ൽ സുരേഷ് ഗോപി എടുക്കാൻ ചെന്ന തൃശൂര് കിട്ടീല. കിട്ടിയില്ലെങ്കിൽ വേണ്ട, ഞാനിവിടൊക്കെ തന്നെയുണ്ടാവും എന്നു സുരേഷ് ഗോപിയും തീരുമാനിച്ചു. ക്ഷണം കിട്ടിയും കിട്ടാതെയും മണ്ഡലത്തിൽ ഉടനീളം സുരേഷ് ഗോപി വിളക്കു കൊളുത്തിന്നിടത്തും ചെണ്ട മേളം കേൾക്കുന്നിടത്തുമെത്തി, കൈനീട്ടം കൊടുത്തു, കാലു പിടിപ്പിച്ചു, മാതാവിന് കിരീടം കൊടുത്തു, കാണിക്ക വഞ്ചി കാണുന്നിടത്തൊക്കെ പണമിട്ടു. ചിലയിടത്ത് പരിപാടികളിൽ മേയറും ഉണ്ടായിരുന്നു. കിട്ടിയ തക്കത്തിന് മേയർ വർക്കിച്ചൻ തൻ്റെ ആരാധനാമൂർത്തിയെ കണക്കറ്റു പുകഴ്ത്തി. പുകഴ്ത്തലിൽ താൻ പിന്നോട്ട് പോകരുതെന്ന് നിർബന്ധമുള്ള സുരേഷ് ജി വർക്കിച്ചനെ തിരിച്ചും പുകഴ്ത്തി. സന്ദേശം സിനിമയിൽ പെണ്ണുകാണാൻ പോയ ശ്രീനിവാസൻ പെണ്ണിൻ്റെ അപ്പനോട് പറയുന്ന പോലെ വർക്കിച്ചൻ ഒരു രക്തഹാരം അങ്ങോട്ടിട്ടു, സുരേഷ് ജി മറ്റൊരു കുങ്കുമഹാരം ഇങ്ങോട്ടുമിട്ടു.

ചില കുബുദ്ധികൾ അന്നേ അതിൽ അപകടം മണത്തെങ്കിലും വല്യേട്ടൻ പാർട്ടി അതൊക്കെ നിസാരവൽക്കരിച്ചു. കഴിഞ്ഞ ദിവസം വർക്കിച്ചൻ സുരേഷ് ജിയെ ഇരുത്തിക്കൊണ്ട് പതിവു പോലെ പുകഴ്ത്താൻ തുടങ്ങി. സുരേഷ് ജി ഇപ്പോ പഴയ ജി യല്ലന്ന് ഓർക്കണം. കേന്ദ്ര ജി യാണ്. തൃശൂരിനെ നന്നാക്കാനാണ് എല്ലാം എന്നത് ഓർക്കുമ്പോഴാ ഒരു മന:സമാധാനം കിട്ടുന്നത്. കേന്ദ്ര ജി ഇടപെട്ട് തലസ്ഥാനം തൃശൂരേക്ക് മാറ്റുമോന്നേ ഇനി നോക്കാനുള്ളു.

- Advertisement -

വർക്കിച്ചൻ ഇപ്പോൾ പറയുന്നത്, താനുടനേ ബി ജെ പി യിലേക്കില്ലെന്നാണ്. എന്തായാലും വൈകാതെ ഉണ്ടാവും. തൻ്റെ ആരാധനാമൂർത്തിയോട് സംസാരിച്ച് ചില കാര്യങ്ങളിൽ കൂടി ഒരു ധാരണ ഉണ്ടാക്കാനുണ്ട്. സുരേഷ് ജിക്കും വർക്കി ജിയോട് ചില കടപ്പാടുകളുണ്ടെന്നാണ് ഇരുവരോടും അടുപ്പമുള്ള ചില ലോക്കൽ ജി മാർ പറയുന്നത്. അല്ലെങ്കിലും സലിം കുമാർ പറഞ്ഞതുപോലെ റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങരുതല്ലോ, അത് കേന്ദ്ര ജി ആയാലും ലോക്കൽ ജി ആയാലും

Share This Article
Leave a comment