എ കെ ജി സെൻ്റർ ആക്രമണ കേസിലെ മുഖ്യ പ്രതി സുഹൈൽ ഷാജഹാൻ്റെ ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും. ഇയാളുടെ പൊലിസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസംപ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും നേരത്തേ വിദേശത്തേക്ക് ഒളിവിൽ പോയ പ്രതി ഇപ്പോൾ ജാമ്യം കിട്ടിയാൽ വീണ്ടും വിദേശത്തേക്കു കടന്നുകളയുമെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് നേരത്തേ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഹാജരാകാതിരുന്നതെന്നും കേസിൽ താൻ പൂർണമായും സഹകരിക്കുമെന്നും പ്രതിയും കോടതിയിൽ പറഞ്ഞു. സുഹൈൽ ഷാജഹാനാണ് എ കെ ജി സെൻ്റർ ആക്രമണ കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആക്രമണം നടന്ന ദിവസം ഇയാൾ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രൈം ബ്രാഞ്ച്, പ്രതിയുമായി സഞ്ചരിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.
