കഴിഞ്ഞ ദിവസം ഇറക്കുമതി-കയറ്റുമതിക്കുള്ള കസ്റ്റംസ് ക്ലിയറന്‍സ് തുറമുഖത്തിന് ലഭിച്ചതോടെ ആദ്യ മദര്‍ഷിപ്പ് 12ന് വിഴിഞ്ഞം തുറമുഖത്തെത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യൂറോപ്പില്‍നിന്നുള്ള മദര്‍ഷിപ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ് വിഴിഞ്ഞത്തെത്തുക. കപ്പലിന് വന്‍ സ്വീകരണത്തിനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ കഴിയുമെന്നിരിക്കേ ഇനി കടല്‍ചരക്കു കടത്ത് ഇതുവഴിയാവും. രാജ്യാന്തര കപ്പല്‍ പാതയ്ക്ക് അടുത്തെന്നതും സ്വാഭാവിക ആഴമാണുള്ളതെന്നതും നീളമേറിയ ബര്‍ത്തും വന്‍ മദര്‍ഷിപ്പുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കും.
തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ അനുബന്ധമായി റോഡ്-റെയില്‍ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചരക്കുകള്‍ മദര്‍ഷിപ്പിലേക്കും തിരിച്ചും അയയ്ക്കാവുന്ന ട്രാന്‍സ്ഷിപ്പ് തുറമുഖമായി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങും. റെയില്‍ തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് തുടങ്ങി. ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി 10.07 കിലോമീറ്റര്‍ റെയില്‍പാതയാണൊരുങ്ങുന്നത്. 9.2 കിലോമീറ്ററും തുരങ്കപാതയാണ്.തുറമുഖത്തെ ദേശീയപാതയോട് ബന്ധിപ്പിക്കുന്ന ബൈപ്പാസ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.