അവയവ കച്ചവടത്തിന് അന്താരാഷ്ട്ര ബന്ധം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേസന്വേഷണം എൻ ഐ എ യ്ക്ക്. ഏജൻസിയുടെ കൊച്ചി യൂണിറ്റാവും ഇനി കേസ് അന്വേഷിയ്ക്കുക. ഇതിനായി കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭ്യമായിട്ടുണ്ട്. ഇറാൻ കേന്ദ്രീകരിച്ചാവും കൂടുതൽ അന്വേഷണം നടത്തുക.
മുംബയിൽ അറസ്റ്റിലായ, മനുഷ്യക്കടത്തുമായി ബന്ധമുള്ള ഒരാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മലയാളിയായ ഒരു വ്യക്തിക്ക് കേസിൽ പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് കഴിഞ്ഞ മെയ് മാസത്തിൽ തൃശൂർ ജില്ലക്കാരനായ സബിത് നാസർ എന്നയാളെ പിടി കൂടുന്നത്. ഇറാനിലേക്ക്, വൃക്ക നൽകുന്നതിനായി ആളെ കടത്തുന്നത് സബിത് ആണെന്ന് അന്വേഷണത്തിൽ മനസിലായിരുന്നു.
രോഗിയായ മറ്റൊരാൾക്ക് വൃക്ക ദാനം ചെയ്യുന്നതിന് രാജ്യത്ത് നിയപരമായ സാധുത ഉണ്ടന്നും അതൊരു സത്കർമമാണന്നും ദാതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇറാനിലേക്ക് ഇവരെ കൊണ്ടു പോയിരുന്നത്. അവിടെ വൃക്ക സ്വീകരിക്കുന്നവരിൽ നിന്ന് ഒരു കോടി ഇന്ത്യൻ രൂപക്കു പുറത്ത് വാങ്ങുകയും ദാതാവിന് വെറും ആറു ലക്ഷം രൂപ മാത്രം നൽകുകയും ചെയ്യുന്ന കടുത്ത തട്ടിപ്പാണ് സംഘം നടത്തിവന്നിരുന്നത്.
എറണാകുളം സ്വദേശിയായ സജിത്, ഹൈദ്രാബാദ് സ്വദേശിയായ രാമപ്രസാദ് എന്നിവരെ അന്വേഷണ സംഘം നേരത്തേ പിടി കൂടിയിരുന്നു. ഇറാൻ കേന്ദ്രീകരിച്ച്, തട്ടിപ്പു സംഘത്തിനു വേണ്ടുന്ന ഒത്താശകൾ ചെയ്തിരുന്ന മധു എന്ന കൊച്ചി സ്വദേശിയെ വൈകാതെ നാട്ടിലെത്തിക്കും. ഇയാൾ കൂടി പിടിയിലാകുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാനാകും. കേസുമായി ബന്ധമുള്ള മറ്റു പലരും ഇതോടെ പിടിയിലാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.