ഓർമയിലെ ഇന്ന് : ജൂലൈ – 3 : അടൂർ ഗോപാല കൃഷ്ണൻ

At Malayalam
4 Min Read

മലയാള സിനിമയെ ലോകസിനിമയിൽ വ്യക്തമായി അടയാളപ്പെടുത്തിയ സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. പച്ചയായ ജീവിതത്തെ ഒരു കലർപ്പോ നാട്യങ്ങളോ ഇല്ലാതെ കലാമൂല്യമുള്ള ഫ്രെയിമുകളിലാക്കി പ്രേക്ഷകരിലേക്കെത്തിച്ചു സം‌വിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ച അടൂർ ഗോപാലകൃഷ്ണൻ.

വാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമകൾ സംവിധാനം ചെയ്ത് കീർത്തി നേടിയ അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗ സിനിമകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ തുടങ്ങി 11 സിനിമകളും 30 ലധികം ഹ്രസ്വചിത്രങ്ങളും എഴുതി സംവിധാനം ചെയ്തിട്ടു. മിക്ക സിനിമകൾക്കും ദേശീയ, അന്തർദേശീയ ബഹുമതികളും ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ അന്തർദ്ദേശീയമേളകളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

സ്വയംവരം മുതൽ ഒരു പെണ്ണും രണ്ടാണും വരെയുള്ള അടൂരിൻ്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരായിരുന്നു. ഓരോ കഥാപാത്രത്തിന്റേയും മാനസികസംഘർഷങ്ങൾ പ്രേക്ഷകനിലേക്കെത്തിക്കുന്നതിൽ അടൂർ ചിത്രങ്ങൾ ഗംഭീര വിജയം കൈവരിച്ചു.

1941 ജൂലൈ 3 ന് അടൂരിനടുത്തുള്ള പള്ളിക്കൽ ഗ്രാമത്തിൽ മാധവൻ ഉണ്ണിത്താന്റേയും ഗൗരി കുഞ്ഞമ്മയുടേയും മകനായി ജനനം. എട്ടാമത്തെ വയസ്സിൽ ഒരു അമേച്വർ നാടകത്തിൽ അഭിനയിച്ചാണ് കലാജീവിതം തുടങ്ങുന്നത്. പിന്നീട് അഭിനയത്തിൽ നിന്നും ചുവടുമാറ്റി സ്വന്തമായി നാടകങ്ങൾ എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങി.

- Advertisement -

ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് പൊതുഭരണം, ധനതത്ത്വശാസ്ത്രം, രാഷ്ട്ര മീമാംസ എന്നീ വിഷയങ്ങൾ ഐച്ഛികമായെടുത്ത് ബിരുദം നേടിയ ശേഷം നാഷണൽ സാംപിൾ സർവേയിലെ ഒന്നരക്കൊല്ലത്തെ ഇൻവെസ്റ്റിഗേറ്റർ ഉദ്യോഗം സ്വീകരിച്ചു. വൈകാതെ ജോലി ഉപേക്ഷിച്ച് 1962-ൽ പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിരക്കഥാ രചനയിലും സംവിധാനത്തിലും ബിരുദാനന്തര ഡിപ്ലോമകൾ സമ്പാദിച്ചു. ഇവിടെ നിന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്രകാരന്റെ ഉദയം.

ചലച്ചിത്രപഠനം പൂർത്തിയാക്കിയ അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിച്ചു. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്.

അരവിന്ദൻ, പി എ ബക്കർ, കെ ജി ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വയംവരമായിരുന്നു അടൂരിന്റെ ആദ്യ സംവിധാനസംരംഭം. തുടർന്നങ്ങോട്ട് മലയാള ചലച്ചിത്ര മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പേരായി മാറി അടൂരിൻ്റേത്.

അടൂരിന്റെ സ്വയംവരത്തിനു മുമ്പ് വരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു. അടൂരിന്റെ സിനിമകളെല്ലാം തന്നെ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.

ഏറ്റവും മൗലികവും ഭാവനാത്മകവുമായ’ ചിത്രത്തിനുള്ള ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1982), മികച്ച സിനിമയ്ക്കുള്ള അന്തർദ്ദേശീയ നിരൂപകസംഘടനയുടെ പുരസ്‌കാരം (ഫിപ്രെസ്‌കി പ്രൈസ്) തുടർച്ചയായി 6 തവണ, പത്മശ്രീ ബഹുമതി (1983), മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി (1984), ഫ്രഞ്ച് ഗവണ്മെന്റിന്റെ കലാസാംസ്‌കാരിക രംഗത്തെ ഉന്നത ബഹുമതിയായ ‘കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’ (2004), ദാദാ സാഹേബ് ഫാൽക്കേ അവാർഡ് (2005), പത്മവിഭൂഷൻ (2006), എം.ജി. യൂണിവേഴ്‌സിറ്റിയുടെ ഡി ലിറ്റ് ബിരുദം (2006), കേരളാ യൂണിവേഴ്‌സിറ്റിയുടെ ഡി ലിറ്റ് ബിരുദം (2010). സിനിമയുടെ ലോകം, സിനിമാനുഭവം, സിനിമാസാഹിത്യം ജീവിതം, സിനിമ സംസ്‌കാരം എന്നീ 4 സിനിമാഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

- Advertisement -

‘നാടകങ്ങൾപോലെ പ്രേക്ഷകർക്ക് മുന്നിൽ അല്ല നടന്മാർ അഭിനയിക്കേണ്ടത്. എന്റെ മുന്നിലാണ്. അവർ അഭിനയിക്കുന്നത് എനിക്കുവേണ്ടിയാണ്. ഞാനാണ് പ്രേക്ഷകൻ. ഞാനാണ് അവർ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് നോക്കുന്നത്.’ ഒരിക്കൽ അടൂർ പറഞ്ഞിട്ടുണ്ട്.

അടൂരിൻ്റെ ചലച്ചിത്രങ്ങൾ

സ്വയംവരം (1972) – (സംവിധാനം), കഥ, തിരക്കഥ (കെ പി കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) – കഥ, തിരക്കഥ, സംവിധാനം
എലിപ്പത്തായം (1981) – കഥ, തിരക്കഥ, സംവിധാനം
മുഖാമുഖം (1984) – കഥ, തിരക്കഥ, സംവിധാനം
അനന്തരം (1987‌‌) – കഥ, തിരക്കഥ, സംവിധാനം
മതിലുകൾ (1989) – തിരക്കഥ, സംവിധാനം
വിധേയൻ (1993) – തിരക്കഥ, സംവിധാനം
കഥാപുരുഷൻ (1995) – കഥ, തിരക്കഥ, സംവിധാനം
നിഴൽക്കുത്ത് (2003) – കഥ, തിരക്കഥ, സംവിധാനം
നാല്‌ പെണ്ണുങ്ങൾ (2007) – തിരക്കഥ, സംവിധാനം
ഒരു പെണ്ണും രണ്ടാണും (2008) – തിരക്കഥ, സംവിധാനം
പിന്നെയും (2016) – തിരക്കഥ, സംവിധാനം

- Advertisement -

ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും

ദി ലൈറ്റ്
എ ഗ്രേറ്റ് ഡേ (1965) ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
ദ് മിത്ത് (1967)
എ ഡേ അറ്റ് കോവളം
എ മിഷൻ ഓഫ് ലൗ
ആന്റ് മാൻ ക്രിയേറ്റഡ് (1968)
മൺതരികൾ
ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
മോഹിനിയാട്ടം
പ്രതിസന്ധി
ഗംഗ
കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി
ഗുരു ചെങ്ങന്നൂർ
ടുവേർഡ്സ് നാഷണൽ എസ് ടി ഡി (1969)
പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
യക്ഷഗാനം (1979)
ദ് ചോള ഹെറിറ്റേജ് (1980)
കൃഷ്ണനാട്ടം (1982)
റോമാൻസ് ഓഫ് റബ്ബർ
ഇടുക്കി
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
കൂടിയാട്ടം
കലാമണ്ഡലം രാമൻകുട്ടിനായർ.

തിരക്കഥകൾ : കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽകുത്ത്

ഇംഗ്ലീഷിലുള്ള തിരക്കഥകൾ

Rat-trap – Seagull Books
Face to Face – Seagull Books
Monologue – Seagull Books

സ്വയംവരത്തിനു മുമ്പ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്

Share This Article
Leave a comment