യൂത്ത് കോൺഗ്രസിൻ്റെ മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിലായി. എ കെ ജി സെൻ്ററിലേക്ക് പടക്കമെറിഞ്ഞ കേസിലാണ് സുഹൈൽ ഷാജഹാൻ എന്നയാൾ പിടിയിലായത്. സംഭവശേഷം സുഹൈൽ വിദേശത്തേക്ക് കടന്നു കളഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാൾ ന്യൂ ഡെൽഹി വിമാനത്താവളത്തിലെത്തിയ വിവരം പൊലിസിനു ലഭിച്ചു. തുടർന്നാണ് ഡെൽഹിയിൽ വച്ചു തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
നേരത്തേ, കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന് സുഹൈലാണ് അക്രമം നടത്തിയതിനു പിന്നിലെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ ഒളിവിലായിരുന്നു. ഡെൽഹി വഴി കാഠ്മണ്ഡുവിലേക്കു പോകാൻ ഇയാൾ എത്തുന്നു എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇയാൾക്കായി വലവിരിച്ചത്.
കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ക്രൈം ബ്രാഞ്ചിൻ്റെ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർ ഡെൽഹിയിൽ എത്തിയിട്ടുണ്ട്. ഇന്നു തന്നെ ഇയാളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്