കബാലീ ഡാ

At Malayalam
1 Min Read

ഇന്ന് രാവിലെ മലക്കപാറ റൂട്ടിൽ വണ്ടിയോടിച്ചു പോയവർക്ക് കബാലി ആരാന്ന് നന്നായി മനസിലായിട്ടുണ്ടാവും. നാലു മണിക്കൂറാണ് ഒരു ഈച്ചയെ പോലും അതു വഴി കടത്തി വിടാതെ കബാലി എന്ന കാട്ടുകൊമ്പൻ റോഡിൻ്റെ നടു ഭാഗത്തായി നിലയുറപ്പിച്ചത്. കൊടും വനത്തിൽ ജീവനെടുക്കാൻ മടിയില്ലാത്ത കാട്ടു കൊമ്പനു മുന്നിൽ കുടുങ്ങിയവർ വിളിക്കാത്ത ദൈവങ്ങളില്ലെന്നാണ് കൂട്ടത്തിലൊരാൾ പറഞ്ഞത്.

അന്തർ സംസ്ഥാന പാതയായതിനാൽ തന്നെ വിനോദ സഞ്ചാരികളടക്കം നിരവധി പേരാണ് വാഹനത്തിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാതെ പ്രാണ ഭയവുമായി വഴിയിൽ കുടുങ്ങി കിടന്നത്. പാതയോരത്തു നിന്ന ഒരു പന പിഴുതെടുത്ത് റോഡിൻ്റെ നടുക്കിട്ട് തിന്നു കൊണ്ടായിരുന്നു കബാലിയുടെ പോര്. ആനമല റൂട്ടിലെ അമ്പലപ്പാറയിലായിരുന്നു കബാലിയുടെ ഈ പ്രകടനം.

തടി കയറ്റി വന്ന ഒരു ലോറിയുടെ മുമ്പിൽ കയറി നിന്നു കൊണ്ട് രാവിലെ തുടങ്ങിയ ‘ഷോ’ നാലു മണിക്കൂറാണ് നീണ്ടു നിന്നത്. രാവിലെ ജോലിക്കായും മറ്റും തിരിച്ചവർ ഒന്നും ചെയ്യാനാകാതെ വണ്ടിക്കുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നു. ഇടയ്ക്ക് ഹോൺ മുഴക്കിയും എഞ്ചിൻ ഇരപ്പിച്ചും റോഡിൻ്റെ മറുഭാഗത്തു കൂടി പോകാൻ ശ്രമിച്ച വാഹനങ്ങൾക്കു നേരേ ചിന്നം വിളിച്ചു കൊണ്ട് ആന പലതവണ ചീറിയടുത്തതായും യാത്രക്കാർ പറഞ്ഞു.

ഈ ആന അന്തർ സംസ്ഥാന റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നതും ആക്രമണ സ്വഭാവം കാണിക്കുന്നതും പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ആനയെ പിടി കൂടി ഉൾക്കാട്ടിൽ കൊണ്ടുവിടണമെന്നാണ് അവരുടെ ആവശ്യം. നാലു മണിക്കൂറിനു ശേഷം ഒരു കെ എസ് ആർ ടി ബസ് ഉച്ചത്തിൽ ഹോൺ മുഴക്കിയും ശബ്ദമുണ്ടാക്കിയുമാണ് ആനയെ റോഡിൽ നിന്നും മാറ്റിയത്

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment