മുമ്പേ പോയ ലോറി ഒരു മുന്നറിയിപ്പും കൂടാതെ വന്ന വരവിൽ ബൈപ്പാസിലേക്കു തിരിഞ്ഞു കയറിയത് ഒരു യുവാവിൻ്റെ ജീവനെടുത്തു കൊണ്ടാണ്. പിന്നിൽ വന്ന കാറ് നിമിഷ നേരത്തിനുള്ളിൽ ലോറിയുടെ പിന്നിലേക്ക് ശക്തമായി ഇടിച്ചു കയറി അജിത് ബെനാൻസ് എന്ന 24 വയസു മാത്രം പ്രായമുള്ള ചെറുപ്പക്കാരൻ മരണത്തിനു കീഴടങ്ങി.
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് പുതുക്കുറിച്ചിയിലുള്ള അജിതാണ്, റോഡിലെ വലിയവനാണ് ഞാൻ എന്ന അഹംഭാവത്തിന് ജീവൻ ബലി നൽകേണ്ടി വന്നത്. ലോറിയടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇൻഡികേറ്ററടക്കമുള്ള സംവിധാനങ്ങൾ ഒന്നും ആവശ്യമില്ലെന്ന മട്ടാണ് നമ്മുടെ നിരത്തുകളിലെ രീതി.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കു പറ്റിയ യുവാവിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരികെ പിടിക്കാനായില്ല.