കെ എസ് ആർ ടി സി കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും വ്യക്തിഹത്യ നടത്തിയതിനും യാത്രക്കാരനെതിരെ കേസെടുത്ത് പൊലിസ് അന്വേഷണം തുടങ്ങി. അടൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ ജോലി ചെയ്യുന്ന കണ്ടക്ടറായ മനീഷിനെയാണ് ഒരു യാത്രക്കാരൻ അപമാനിച്ചതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും. യാത്രക്കാരനോട് പരിശോധനക്കായി ടിക്കറ്റു കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നത്തിനു തുടക്കമായത്.
കായംകുളം – അടൂർ റൂട്ടിലോടുന്ന ബസിൻ്റെ അവസാന രാത്രി ട്രിപ്പിൽ ടിക്കറ്റും യാത്രക്കാരുടെ എണ്ണവും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോഴാണ് മനീഷ് യാത്രക്കാരോട് ടിക്കറ്റു കാണിക്കാൻ ആവശ്യപ്പെട്ടത്. ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരിലൊരാൾ പെട്ടന്ന് പ്രകോപിതനായി മനീഷിനെ ആക്രമിക്കാൻ ശ്രമിക്കുകയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമായിരുന്നു.
‘ ഞാൻ മാസം രണ്ടു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന വനാടാ, നിനക്കു കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ കിട്ടിയോടാ, നിൻ്റെ വീട്ടിൽ കഞ്ഞി വയ്ക്കാറുണ്ടോടാ ‘ എന്നൊക്കെയാണ് പരസ്യമായി യാത്രക്കാരൻ തന്നോട് ചോദിച്ചതെന്ന് മനീഷിൻ്റെ പരാതിയിൽ പറയുന്നു. അടൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
