ഒടുവിൽ ഇന്ത്യയ്ക്കു മുന്നിൽ ദക്ഷിണാഫ്രിക്ക മുട്ടുകുത്തി. ഏഴു റൺസിന് ഇന്ത്യയോട് കടം പറഞ്ഞ് അവർ മൈതാനം വിട്ട് കൈ കൊടുത്ത്, പരസ്പ്പരം ആശ്ലേഷിച്ച് പിരിഞ്ഞു പോയി. രണ്ടാം തവണയും 20- 20 ലോകകപ്പ് ഇന്ത്യയിലിരിക്കും.
2013 ൽ കിട്ടിയ ആദ്യ 20-20 കപ്പ് ഇന്ത്യയിലുണ്ട്. അതിനോട് ചേർന്ന് 2024 ലെ കപ്പും ഇനി ഇടം പിടിക്കും. ഇന്ത്യ അത്ര നന്നായിട്ടൊന്നുമായിരുന്നില്ല തുടങ്ങിയത്. ആദ്യ ഓവർ കണ്ടപ്പോൾ ‘ നുമ്മ ഇന്ന് പൊളിക്കും ‘ എന്ന് പ്രഖ്യാപിച്ച ചങ്ക് ബ്രോകളുടെ ചങ്കിൻ മേലുള്ള ആദ്യ ആണിയായി രണ്ടാം ഓവർ.’ നായകൻ മീണ്ടും വരാ ‘ന്ന പാട്ടുംപാടി രോഹിത് ശർമയുടെ കൂടാരത്തിലേക്കുള്ള വഴി തുറന്നു കൊടുത്തു ദക്ഷിണാഫ്രിക്ക. പിന്നെ ക്രമത്തിൽ കളമൊഴിഞ്ഞ് ഇന്ത്യൻ പുലികൾ. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് അങ്ങനെ ഓരോരുത്തരായി അരങ്ങൊഴിഞ്ഞു കൊണ്ടിരുന്നു.

ആപത് ബാന്ധവനായി സൂപ്പർ സ്റ്റാർ വിരാട് കോഹ്ലി പൊരുതാനുറച്ച് ഒരറ്റം ബലപ്പിച്ചു. അക്ഷർ പട്ടേൽ കൂടി രാജ്യത്തിൻ്റെ മാനം കാക്കാൻ വിരാടിനൊപ്പം ചേർന്നതോടെ സ്കോർ ബോർഡ് ചലിപ്പിക്കാനിരുന്ന ബി സി സി ഐ ജീവനക്കാരുടെ വിരലുകൾ വേഗത്തിൽ കീബോർഡിൽ അമരാൻ തുടങ്ങി. ഒടുവിൽ 177 എന്ന ഒട്ടും ഭേദമല്ലാത്ത ലക്ഷ്യം സൗത്ത് ആഫ്രിക്കയുടെ മുന്നിൽ നീട്ടി സന്തോഷമില്ലാത്ത മുഖങ്ങളോടെ ഇന്ത്യയുടെ ‘ പിള്ളേര് ‘ ഭക്ഷണം കഴിയ്ക്കാൻ കയറി പോയി.

ഭക്ഷിണാഫ്രിക്ക തുടങ്ങി. ആദ്യ ഓവറിൽ കാര്യമായി അനക്കമൊന്നുമില്ലായിരുന്നു. രണ്ടാം ഓവറിൽ ബുമ്ര വന്നു. കൈ വലിച്ചു വശത്തേക്ക് വച്ച് ബോൾ റീസ ഹെൻട്രിക്സ് എന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനു നേരേ വലിച്ചെറിഞ്ഞു. ഒരു സ്റ്റംപ് മൂന്നു തവണ കറങ്ങി നിലത്തേക്ക്. ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളിയിൽ സ്റ്റേഡിയം ഇളകി മറിഞ്ഞു.

പിന്നെ അർക്ഷദ് വന്നു, ഹാർദിക് പാണ്ഡ്യ വന്നു. മറ്റു ബൗഉർമാർ മാറി മാറി വന്നു, ബാറ്റ്സ്മാൻമാർ തല കുനിച്ച് ഡ്രെസിംഗ് റൂം ലക്ഷ്യമാക്കിയും നടന്നുകൊണ്ടിരുന്നു. ഒടുവിൽ ഏഴു റൺസിനിക്കരെ പാലം കടന്ന് കപ്പിനരികിലെത്താൻ സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് തനിച്ചായി. കേശവ് തിരികെ നടന്നപ്പോൾ മഹാരാജാക്കൻമാരായി ഇന്ത്യൻ ടീമും ആരാധകരും സ്റ്റേഡിയം പൊളിച്ചടുക്കുന്ന വിജയാഹ്ലാദത്തിലായിരുന്നു.
