ബിസിനസുകാരനായ ദീപുവിനെ കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. പൂങ്കുളത്ത് താമസിക്കുന്ന പ്രദീപാണ് ഇപ്പോൾ തമിഴ്‌നാട് പൊലിസിൻ്റെ കസ്റ്റഡിയിലുള്ളത്. ദീപു വധക്കേസിലെ മുഖ്യ പ്രതി എന്നു പൊലിസ് സംശയിക്കുന്ന സുനിലിൻ്റെ അടുത്ത സുഹൃത്താണ് ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രദീപ്. പ്രദീപും സുനിലും ചേർന്നാണ് കൊലനടത്തി എന്നു കരുതുന്ന അമ്പിളിയെ കാറിൽ കളിയിക്കാവിളയിൽ കൊണ്ടു വിട്ടത്.
ആശുപത്രികൾക്ക് ആവശ്യമായ സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സുനിൽ കേരളം വിട്ടിട്ടില്ലെന്നാണ് പൊലിസ് അനുമാനിക്കുന്നത്. അമ്പിളിക്ക് കൊല നടത്താനുള്ള സർജിക്കൽ ബ്ലേഡ് നൽകിയത് സുനിൽ ആണെന്നും പൊലിസ് പറയുന്നു.
കസ്റ്റഡിയിലുള്ള അമ്പിളി, പ്രദീപ് എന്നിവരെ തമിഴ്നാട് പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കൊലനടത്തിയ ശേഷം കാറിനുള്ളിൽ നിന്നും ഒരാൾ ഇറങ്ങി നടന്നു പോകുന്നതിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിവരുന്ന അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നീങ്ങുന്നതെന്നാണ് പൊലിസ് പറയുന്നത്.