വീണ്ടും ന്യൂനമർദ പാത്തി രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ വടക്കൻ കേരള തീരത്തു നിന്നു തുടങ്ങി മഹാരാഷ്ട്രയുടെ തീരത്തു വരെയാണ് ന്യൂനമർദ പാത്തി കാണപ്പെടുന്നത്. ഇതിൻ്റെ ഫലമായി വരുന്ന അഞ്ചു ദിവസം കൂടി കേരളത്തിൽ മഴ ഒഴിയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ചക്രവാതച്ചുഴിയുടെ സാന്നിധ്യവും കാലാവസ്ഥാ സൂചനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതാകട്ടെ ഗുജറാത്ത് സംസ്ഥാനത്തിൻ്റെ തെക്കൻ മേഖലയിലാണ്. അതു കൊണ്ടു തന്നെ ശക്തിയുള്ള കാറ്റും മിന്നലും മഴയോടൊപ്പം ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
നിലവിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഇവിടങ്ങളിൽ ശക്തിയേറിയ മഴ പെയ്യുമെന്നാണ് പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ തീരങ്ങളിൽ ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.
