വർഷത്തിൽ മൂന്നു കോടി യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ കഴിയുന്ന പുതിയ വിമാനത്താവളം നിർമിക്കാൻ പദ്ധതി തയ്യാറാക്കി തമിഴ്നാട് സംസ്ഥാന സർക്കാർ. ഇതിനായി ഹൊസൂരിൽ 2000 ഏക്കർ സ്ഥലം കണ്ടെത്തിയതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. നിരവധി ചെറുകിട- ഇടത്തരം വ്യാവസായിക യൂണിറ്റുകൾ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ മേഖലയ്ക്ക് പുതിയ അത്യന്താധുനിക സൗകര്യങ്ങളുള്ള വിമാനത്താവളം വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. കൂടാതെ ഹൊസൂരിനു സമീപത്തുള്ള സേലം, ധർമപുരി ജില്ലകളുടെ അതിവേഗ വളർച്ചക്കും ഇത് ഉപകരിക്കും.
ഹൊസൂരിൽ പുതിയ വിമാനത്താവളം വരുന്നതോടെ ആ പ്രദേശം ഒരു പുതിയ ഐ റ്റി ഹബ്ബായി മാറും. അശോക് ലെയ്ലാൻ്റ്, റോൾസ് റോയ്സ്, ടി വി എസ്, റ്റാറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ വൻകിട കമ്പനികൾ ഇപ്പോൾ തന്നെ അവിടെ വലിയ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പുതിയ വിമാനത്താവളം കൂടി വരുന്നതോടെ ഈ കമ്പനികൾ കൂടുതൽ മൂലധന നിക്ഷേപത്തിനു തയ്യാറാവുകയോ വിപുലീകരണത്തിലൂടെ പുതിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയോ ചെയ്യുമെന്നും ഇത് ഒട്ടനവധി തൊഴിൽ സാധ്യതകൾ ഉണ്ടാക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഒരു ലോകോത്തര പബ്ളിക് ലൈബ്രറിയും നോളജ് സെൻ്ററും തിരുച്ചിറപള്ളി കേന്ദ്രമാക്കി തുടങ്ങാനും സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്